ഇനി സ്‌കൂളിലേക്ക്, നരിവേട്ടയുടെ താര പ്രൗഢിയില്‍ മിയയും മിഖയും…

പാലക്കാട്: താര പ്രൗഢിയോടെയാണ് മിയയും മിഖയും ഇത്തവണ സ്‌കൂളിലെത്തുന്നത്. മെയ് 23 ന് സ്‌കൂള്‍ അവധിക്കാലത്ത് പുറത്തിറങ്ങിയ നരിവേട്ട എന്ന ടൊവിനൊ ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയാണ് ഈ സഹോദരങ്ങള്‍ പുതിയ അധ്യയന വ‌‍‌ർഷത്തെ വരവേല്‍ക്കുന്നത്.

തൃത്താല കൂടല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് മിയ. പട്ടിത്തറ ജിഎല്‍പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് മിഖ. ഇന്നത്തെ പ്രവേശനോത്സവത്തിനൊപ്പം ഇരുവര്‍ക്കും സ്‌കൂളുകളില്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ആറാം ക്ലാസുകാരിയായി തൃത്താല കൂടല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെത്തുന്ന മിയയോട് ഇന്നത്തെ ദിവസം മുന്‍പുപഠിച്ച സ്‌കൂളിലെത്താന്‍ സ്‌കൂള്‍ അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.

താര പ്രഭയില്‍ സ്‌കൂളില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നു വ്യക്തമാക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റും തംബുരൂസ് എന്ന പേജിലുടെ കുട്ടിത്താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇനി സ്‌കൂള്‍ കാലം എന്ന് കുറിപ്പിനൊപ്പമാണ് അനിയനൊപ്പം സ്‌കൂളിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്ന ഫോട്ടോ ഇവര്‍ പങ്കുവച്ചിരിക്കുന്നത്.

പട്ടിത്തറ പൂലേരി ചോലപ്പറമ്പില്‍ മനുവിന്റെയും ജിഷയുടെയും മക്കളാണ് മിയയും മിഖയും. പിതാവിന്റെ സഹോദരനായ മജുലീല മോഹനന്റെ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയാണ് കുട്ടിത്താരങ്ങളെ നരിവേട്ടയുടെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തുന്നത്. സ്‌കൂളില്‍നിന്ന് പ്രത്യേക അനുമതിവാങ്ങിയാണ് 49 ദിവസത്തോളം നീണ്ട നരിവേട്ടയുടെ ചിത്രീകരണത്തില്‍ ഇരുവരും ഭാഗമായത്. സഹോദരന്‍ മിലന്‍ പട്ടിത്തറ ജിഎല്‍പി സ്‌കൂളില്‍ എല്‍കെജിയില്‍ പഠിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!