കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സൊസൈറ്റി തട്ടിപ്പ് : മുന്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തൃശൂര്‍ : കോണ്‍ഗ്രസ് ഭരിക്കുന്ന കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍. സംഘത്തിന്റെ മുന്‍ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന കാട്ടകാമ്പാല്‍ മൂലേപ്പാട് സ്വദേശി വാക്കാട്ട് വീട്ടില്‍ സജിത്ത് (67) ആണ്  അറസ്റ്റിലായത്. പണയ സ്വര്‍ണ്ണം, ആധാരങ്ങള്‍, സാലറി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉപയോഗിച്ചു രണ്ടു കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തല്‍.

ബാങ്കില്‍ സഹകാരികള്‍ പണയപ്പെടുത്തിയ സ്വര്‍ണം തിരിമറി ചെയ്തും പണയപ്പെടുത്തിയും വസ്തു രേഖകളില്‍ തിരിമറി ചെയ്തും സഹകാരികളുടെ വായ്പകളില്‍ കൂടുതല്‍ സംഖ്യ വായ്പയെടുത്തുമാണ് തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റി സെക്രട്ടറി സജിത്തിനെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. കുന്നംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ, മുന്‍ യുഡിഎഫ് പഞ്ചായത്ത് മെമ്പറുമായ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഒന്നര വര്‍ഷത്തോളമായി ഇയാള്‍ ഒളിവിലായിരുന്നു.

ജൂണ്‍ മാസത്തില്‍ മാറഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് തട്ടിപ്പിന്റെ കഥ ആദ്യം പുറത്തുവരുന്നത്. ബാങ്കില്‍ 73 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 775 ഗ്രാം സ്വര്‍ണ്ണം സജിത്ത് ബാങ്കില്‍ നിന്നും കടത്തി തിരിമറി ചെയ്‌തെന്നായിരുന്നു പരാതി. പിന്നാലെ ജയന്തി എന്ന സ്ത്രീയും പരാതിയുമായി രംഗത്തെത്തി. ജയന്തിയുടെ 9 ലക്ഷം രൂപയാണ് ബാങ്കിലെ തട്ടിപ്പില്‍ നഷ്ടപ്പെട്ടത്.

2016ല്‍ അങ്കണവാടിക്ക് സ്ഥലം വാങ്ങാന്‍ അഡ്വാന്‍സ് നല്‍കാന്‍ ലോണ്‍ നല്‍കാം എന്ന് പറഞ്ഞു അങ്കണവാടി ടീച്ചറായ പ്രമീളയുടെ ഓണറേറിയം സര്‍ട്ടിഫിക്കറ്റ് സജിത്ത് വാങ്ങിയിരുന്നു. അതില്‍ നിന്ന് നാല് ലക്ഷം രൂപ സജിത്ത് ലോണെടുത്ത് തട്ടിയെടുത്തെന്ന് പ്രമീള പരാതിപ്പെട്ടിരുന്നു. സഹകാരികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അസിസ്റ്റന്റ് രജിസ്റ്റാര്‍ നടത്തിയ അന്വേഷണത്തില്‍ രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. തട്ടിപ്പിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്നും കോൺഗ്രസ് പാർട്ടിയിൽ നിന്നും സജിത്തിനെ പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!