ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതിയായ സുകാന്തിൻ്റെ മൊഴി പുറത്ത്…

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസിൽ പ്രതിയായ സുകാന്തിൻ്റെ മൊഴി പുറത്ത്. ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലാണ് ഒളിവിലായിരുന്നപ്പോൾ കഴിഞ്ഞിരുന്നതെന്ന് പ്രതി സുകാന്ത് പൊലീസിന് മൊഴി നൽകി. ധർമ്മസ്ഥൽ, മാംഗ്ലൂർ, കൊല്ലൂർ, ഉഡുപ്പി, പോണ്ടിച്ചേരി എന്നിവടങ്ങളിൽ കറങ്ങിനടന്നുവെന്നും ക്ഷേത്രങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചുവെന്നും സുകാന്തിൻ്റെ മൊഴിയിലുണ്ട്.

ടിക്കറ്റെടുക്കാതെ ട്രെയിനിൽ സഞ്ചരിച്ചു. ചിലരുടെ ഫോൺ വാങ്ങി ബന്ധുക്കളെ വിളിച്ചുവെന്നും സുകാന്ത് മൊഴി നൽകി. കേസിലെ പ്രതിയായ സുകാന്തിനെ റിമാൻഡ് ചെയ്തു. സമൂഹമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സുകാന്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും.

വിവാഹവാഗ്ദാനം ചെയ്ത് ലൈഗിംകമായും സാമ്പത്തികമായും ചൂഷണം ചെയ്ത ശേഷം സുഹൃത്തും സഹപ്രവർത്തകയുമായ യുവതിയെ   വഞ്ചിച്ച സുകാന്ത് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നു. യുവതിയുമായുള്ള ചാറ്റുകള്‍ ഇതിന്  തെളിവാണെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

മറ്റൊരു വിവാഹം കഴിക്കണമെന്നും ചാവില്ലേന്നുമായിരുന്നു ചാറ്റിലെ സുകാന്തിന്‍റെ ചോദ്യം. ചതിക്കപ്പെട്ടതിൽ മനംനൊന്ത് യുവതി മരിക്കാമെന്ന് മറുപടി നൽകി. വിമാനത്താവളത്തിൽ നിന്ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ യുവതി ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കി. യുവതിയെ ഗർഭചിദ്രത്തിന് വിധേയയാക്കിയതിന്‍റെ തെളിവും പൊലീസിന് ലഭിച്ചു. ശമ്പളം ഉള്‍പ്പെടെ അക്കൗണ്ടിലുണ്ടായിരുന്ന പണം യുവതിയിൽ നിന്ന് സുകാന്ത് കൈക്കലാക്കി. ഇതിന്‍റെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മറ്റ് സ്ത്രീകളുമായും സുകാന്തിന് ബന്ധമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!