റിയാദ്: 2025ല്‍ സൗദി അറേബ്യയില്‍ നഴ്‌സിങ് മേഖലയിലെ സ്വദേശിവല്‍ക്കരണ നിരക്ക് 44 ശതമാനമായി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യാന്തര നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ചാണ് സൗദി ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്. സൗദിയിലെ ആരോഗ്യ രംഗത്ത് സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിങ് മേഖലയില്‍ വലിയ തോതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ മേഖലയിലെ സ്വദേശിവല്‍ക്കരണം പ്രതികൂലമായി ബാധിക്കും.
സ്വദേശി നഴ്‌സിങ് ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ രംഗത്തേക്ക് കൂടുതല്‍ പേര്‍ എത്തുന്നതിനായുള്ള പദ്ധതി മന്ത്രാലയം നടപ്പാക്കിവരികയാണ്. വിഷന്‍ 2030ലെ ആരോഗ്യ മേഖല പരിവര്‍ത്തന പരിപാടിയുടെ കാഴ്ചപ്പാടുകളുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സൗദി സ്വദേശികളായ നഴ്‌സിങ് ആരോഗ്യ പ്രവര്‍ത്തകരെ ഈ മേഖലയില്‍ തുടരുന്നതിന് പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും അവരുടെ പ്രഫഷനല്‍ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.
