ഖുശ്‌ബുവിന്റെ പേരിൽ അമ്പലം പണിതു… ഒടുവിൽ പണിതവർ തന്നെ പൊളിച്ചു… കാരണമായത് താരത്തിന്റെ വാക്കുകൾ

ചെന്നൈ : തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത പേരുകളിൽ ഒന്നാണ് ഖുശ്‌ബുവിന്റേത്.ഒരു കാലത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയായിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും അവർ സിനിമയിൽ പകരം വയ്ക്കാനില്ലാത്ത താരമായിരുന്നു.ഇപ്പോള്‍ തമിഴ് സംവിധായകന്‍ സുന്ദര്‍സിയുടെ ഭാര്യയായിട്ടും രാഷ്ട്രീയക്കാരിയും നടിയുമായി സജീവമായി നില്‍ക്കുകയാണ് ഖുശ്ബു. ഇടയ്ക്ക് വലിയ വിവാദങ്ങളിലും നടി തലവെച്ച് കൊടുക്കാറുണ്ട്.ഇടയ്ക്ക് ഖുശ്ബുവിന്റെ ചില പരാമര്‍ശങ്ങള്‍ തമിഴ്‌നാട്ടിലുടനീളം വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സ്ത്രീകള്‍ ചൂലുമായി നടിയുടെ വീടിന് മുന്നില്‍ തടിച്ചുകൂടി. ഇതോടെ പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യത്തിലേക്ക് നടി എത്തി. അങ്ങനെ ഖുശ്ബുവിന്റെ ജീവിതത്തെ കുറിച്ചും അവരുണ്ടാക്കിയ വിവാദങ്ങളെ പറ്റിയുമൊക്കെ പറയുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചിന്നതമ്പി എന്ന സിനിമ സൃഷ്ടിച്ച തരംഗം അവര്‍ണനീയമായിരുന്നു. സിനിമയിലെ ഖുശ്ബുവിന്റെ അഭിനയം കണ്ട് തമിഴ്‌നാട്ടിലെ സ്ത്രീകള്‍ കണ്ണീര്‍ പൊഴിച്ചു. തമിഴ്‌നാട്ടിലെ ഓരോ ജില്ലകളിലും അത് ആഘോഷിക്കപ്പെട്ടു. മാത്രമല്ല ആളുകള്‍ ഖുശ്ബുവിനെ ഒന്ന് കാണുന്നതിനായി അവരുടെ വീടിന് മുന്നില്‍ തടിച്ചുകൂടി.നിരവധി യുവാക്കള്‍ അവരുടെ രക്തം കൊണ്ട് ഖുശ്ബുവിന് കത്തെഴുതി. ചരിത്രത്തില്‍ ഒരു നടിയ്ക്കും ലഭിക്കാത്ത ഭ്രാന്തമായ സ്‌നേഹം ഖുശ്ബുവിന് ലഭിച്ചു. മാത്രമല്ല ഖുശ്ബുവിനെ ദേവിയാക്കി അമ്പലം വരെ പണിതു. അവരെ പ്രതിഷ്ഠയാക്കി പാലഭിഷേകവും പുഷ്പാര്‍ച്ചനയും നടത്തി. അമ്പലം മാത്രമല്ല ഖുശ്ബുവിന്റെ പേരില്‍ ഒരു ഭക്ഷണവും പുറത്തിറക്കി. ഖുശ്ബു ഇഡ്ഡലി എന്ന പേരില്‍ സ്ത്രീകളുണ്ടാക്കിയ ഭക്ഷണത്തിന് വലിയ പ്രചാരം കിട്ടി. പിന്നാലെ നടിയുടെ പേരില്‍ സാരികളും ആഭരണങ്ങളുമൊക്കെ കമ്പോളത്തില്‍ ഇറങ്ങി.

ശരിയെന്ന് തോന്നുന്നത് അപ്പോള്‍ തന്നെ വിളിച്ച് പറയുന്നതാണ് ഖുശ്ബുവിന്റെ ഒരു സ്വഭാവം. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് അവര്‍ക്ക് പ്രശ്‌നമില്ല. എന്നാൽ ഒരു അഭിമുഖത്തില്‍ സംസാരിച്ചത് ഖുശ്ബു പടുത്തുയര്‍ത്തിയ ചില്ലുകൊട്ടാരം പൊളിഞ്ഞ് വീഴാന്‍ കാരണമായി. പെണ്‍കുട്ടികള്‍ വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റല്ലെന്നും അത് സുരക്ഷിതമായ ബന്ധമായിരിക്കണമെന്നുമാണ് നടി പറഞ്ഞത്. പക്ഷേ ഈ വാര്‍ത്ത തമിഴ്‌നാട്ടിലെ പത്രങ്ങളും ചാനലുകളും വളരെ പ്രധാന്യത്തോടെ ആളുകളിലെത്തിച്ചു. ഇതറിഞ്ഞ് അമ്മമാര്‍ ഖുശ്ബുവിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഒരു നാടിന്റെ സംസ്‌കാരത്തെ മുഴുവനോടെ മാറ്റി തലമുറകളെ വഴിത്തെറ്റിക്കാന്‍ വന്നവളെന്ന് ആക്ഷേപിച്ചു. ഖുശ്ബുവിന്റെ വീടിന് ചുറ്റും ചൂലുമായി സ്ത്രീകള്‍ തടിച്ച് കൂടി. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. തമിഴ്‌നാടിന്റെ വിവിധയിടങ്ങളില്‍ നിന്നായി ഇരുപത്തിരണ്ടോളം കേസ് വന്നു.ഖുശ്ബുവിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി.ആ സമയത്ത് അമേരിക്കയിലായിരുന്ന കമല്‍ ഹാസന്‍ ഇതറിഞ്ഞ് ഖുശ്ബുവിനെ വിളിച്ച് ഉപദേശിച്ചു. അങ്ങനെയാണ് അവര്‍ കോടതിയില്‍ പോയി കീഴടങ്ങുന്നത്.

കോടതിയ്ക്ക് മുന്നിലും ആളുകള്‍ തടിച്ച് കൂടിയിരുന്നു. പിന്നീട് സുപ്രീം കേടതിയില്‍ പോയിട്ടാണ് 22 കേസുകളില്‍ നിന്നും ഒറ്റയടിക്ക് തലയൂരുന്നത്. അപ്പോഴെക്കും ഖുശ്ബുവിന്റെ പ്രതിഷ്ഠ പൊളിച്ച് ആ സ്ഥലം കുട്ടികളുടെ കളി സ്ഥലമാക്കി മാറ്റി. ഖുശ്ബുവിനെതിരെ പിന്നീട് വന്ന വിമര്‍ശനം ദൈവപ്രതിഷ്ഠയ്ക്ക് മുന്നില്‍ കാലിന് മുകളില്‍ കാലും കയറ്റി, ചെരുപ്പ് പോലും ഊരാതെ ഇരുന്നു എന്നതാണ്. ഇതോടെ ബാക്കിയുണ്ടായിരുന്നവരുടെ മനസിലെ ഇഷ്ടം കൂടി അവര്‍ നഷ്ടപ്പെടുത്തിയെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!