ഹൈബ്രിഡ് കഞ്ചാവ് കടത്ത്: മോഡലും മേക്കപ്പ് ആർട്ടിസ്റ്റും കൊച്ചിയിൽ പിടിയിൽ

കൊച്ചി: മേക്കപ്പ് സാമഗ്രികളെന്ന പേരിൽ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവതികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് യുവതികളിൽ നിന്നാണ് നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.

രാജസ്ഥാനിൽ നിന്നുള്ള മാൻവി ചൗധരി, ഡൽഹി സ്വദേശിനി ഛിബെറ്റ് സ്വാതി എന്നിവരാണ് അറസ്റ്റിലായത്. സ്വാതി മേക്കപ്പ് ആർട്ടിസ്റ്റാണ്. മേക്കപ്പ് സാമഗ്രികളെന്ന പേരിൽ വൃത്തിയായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. സംശയം തോന്നി കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിക്കടത്ത് തെളിഞ്ഞത്. പിടിയിലായ മാൻവി ഫാഷൻ മോഡലാണ്.

യുവതികൾ എങ്ങോട്ടാണ് ലഹരി കൊണ്ടുവന്നത്, ആർക്കാണ് സപ്ലൈ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ അ‌ന്വേഷിക്കുന്നതായി കസ്റ്റംസ് അധികൃതർ അ‌റിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ബാങ്കോക്കിൽ നിന്ന് കടത്തിയ ഏകദേശം 85 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. 15 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!