കൊച്ചി: മൂന്നാറിലേക്കും എറണാകുളം ജില്ലയുടെ മറ്റ് കിഴക്കന്‍ ഭാഗങ്ങളിലേക്കുമുള്ള യാത്ര ഇനി സുഖകരമായ അനുഭവമാകും. നല്ല റോഡിലൂടെയുള്ള യാത്ര വഴി സമയം ലാഭിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൊച്ചി-മൂന്നാര്‍ ദേശീയപാത 85 നവീകരിക്കുന്നതിനുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ദീര്‍ഘകാല പദ്ധതി പൂര്‍ത്തീകരണത്തോടടുക്കുകയാണ്. കൊച്ചിയെ മൂന്നാറുമായി ബന്ധിപ്പിക്കുന്ന 124 കിലോമീറ്റര്‍ പാതയാണ് നവീകരിക്കുന്നത്.
ഹൈവേയുടെ വീതി കൂട്ടുകയും വളവുകള്‍ നേരെയാക്കുകയും ചെയ്യുന്നത് അപകട സാധ്യതയുള്ള ഇടനാഴിയിലെ അപകടങ്ങള്‍ കുറയ്ക്കും. ഇത് വാഹന യാത്രക്കാര്‍ക്ക്് ഏറെ സഹായകരമാകും. മൂവാറ്റുപുഴ പോലുള്ള സ്ഥലങ്ങളിലേക്ക് ഈ പാത ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് റോഡ് വികസന പദ്ധതി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മുമ്പ്, ഹൈവയുടെ പല ഭാഗങ്ങളിലും വീതി 5.5 മുതല്‍ ഏഴ് മീറ്റര്‍ വരെയായിരുന്നു. സാധ്യമാകുന്നിടത്തെല്ലാം കുറഞ്ഞത് 10 മീറ്ററായാണ് റോഡിന്റെ വീതി കൂട്ടുന്നത്. ‘ആകെയുള്ള 124 കിലോമീറ്ററില്‍ 100 കിലോമീറ്ററിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. വീതികൂട്ടി വളവുകള്‍ വികസിപ്പിക്കുന്നതിനാണ് പ്രധാന ശ്രദ്ധ നല്‍കിയിരിക്കുന്നത്. അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വരുന്ന ആറ് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,’ -നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
124 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയിലെ എല്ലാ കൈയേറ്റങ്ങളും അധികൃതര്‍ ഒഴിപ്പിച്ചു. വനമേഖലയിലൂടെ കടന്നുപോകുന്ന 12 കിലോമീറ്റര്‍ നീളമുള്ള നേര്യമംഗലം-അടിമാലി ഭാഗത്താണ് ബാക്കിയുള്ള ജോലികള്‍ നടക്കുന്നത്. ‘വനം വകുപ്പിന്റെ അനുമതി ഞങ്ങള്‍ക്ക് ലഭിച്ചു. മരങ്ങള്‍ മുറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നേര്യമംഗലത്ത് ഇടനാഴിയിലെ ഏക പ്രധാന പാലത്തിന്റെ പണിയും പുരോഗമിക്കുകയാണ്. വനഭാഗത്തെ പണിയാണ് അവശേഷിക്കുന്നത്’- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2022 ഡിസംബറില്‍ അനുവദിച്ച 910 കോടി രൂപയുടെ പദ്ധതിയില്‍ പ്രധാനമായും കൊച്ചി (കുണ്ടന്നൂര്‍) മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ട് വരി ദേശീയപാത ഇടനാഴിയുടെ വീതി കൂട്ടലാണ് ഉള്‍പ്പെടുന്നത്. എന്നിരുന്നാലും, വളരെ തിരക്കേറിയ തിരുവാങ്കുളം-തൃപ്പൂണിത്തുറ ഭാഗത്ത് ഭൂമിയുടെ ലഭ്യതക്കുറവ് കാരണം വീതി കൂട്ടല്‍ നടത്താന്‍ കഴിഞ്ഞില്ല. മണ്ണിടിച്ചില്‍ തടയുന്നതിനായി റോഡിന്റെ ഇരുവശങ്ങളിലും ടാര്‍ ചെയ്യുന്നതും സംരക്ഷണ ഭിത്തികളും പദ്ധതിയുടെ ഭാഗമാണ്.
‘മലയോര പാത മുഴുവന്‍ 10 മീറ്ററായി വീതികൂട്ടുകയാണ്. ഈ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ പതിവായി സംഭവിക്കാറുണ്ട്. ഇത് തടയാന്‍ 40 കിലോമീറ്ററില്‍ ഒരു സംരക്ഷണ ഭിത്തിയും 51 കിലോമീറ്ററില്‍ ബ്രെസ്റ്റ് വാളും ഞങ്ങള്‍ നിര്‍മ്മിക്കുന്നു,’- നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. കൂടാതെ, ഇടനാഴിയിലെ ആകെ 45 കല്‍വെര്‍ട്ടുകള്‍ 50 കോടി രൂപ ചെലവില്‍ പുനര്‍നിര്‍മ്മിച്ചു. കൊച്ചി-മൂന്നാര്‍ ദേശീയ പാതയില്‍ നവീകരണ പദ്ധതിയുടെ പൂര്‍ത്തീകരണം ടൂറിസത്തെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും. കൊച്ചി-മൂന്നാര്‍-തേനി ഇടനാഴിയില്‍ 151 കിലോമീറ്റര്‍ നീളത്തില്‍ നാലുവരി ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത ആസൂത്രണം ചെയ്തിട്ടുണ്ട്.
സ്റ്റാച്യു ജംഗ്ഷനു സമീപമുള്ള കലുങ്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പ്രവൃത്തി തൃപ്പൂണിത്തുറ മിനി ബൈപാസ് ജംഗ്ഷന്റെ പ്രവേശന കവാടത്തില്‍ ഇടയ്ക്കിടെ ഗതാഗതക്കുരുക്കിന് കാരണമായി. ഇത് യാത്രക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുകയും നിരവധി പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
‘ഇപ്പോള്‍ പണി ഏതാണ്ട് പൂര്‍ത്തിയായി, ഇന്റര്‍ലോക്ക് ടൈലുകള്‍ പാകിയിട്ടുണ്ട്,’- നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.