ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഉത്തർപ്രദേശിൽ യുവതി അറസ്റ്റിൽ

ബറേലി (യുപി) : ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച്‌ കൊന്ന 32കാരി പിടിയിലായി. ഉത്തർപ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവ് തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നി‍ബന്ധിച്ചിരുന്നെന്നും വേറെ നിവൃത്തിയില്ലാത്ത കൊലപാതകത്തിലേക്ക് എത്തിയതാണെന്നും യുവതി പറഞ്ഞു.

ബറേലി സ്വദേശിയായ ഇഖ്ബാല്‍ എന്നയാളുടെ മൃതദേഹം രണ്ട് ദിവസം മുമ്പാണ് സ്വന്തം വീടിന് സമീപം കണ്ടെത്തിയത്. ഇഖ്‍ബാലിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ അന്വേഷണം തുടങ്ങി. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇഖ്ബാല്‍ യുവതിയുടെ ഗ്രാമത്തില്‍ പല വീടുകളിലും സന്ദർശിച്ചിരുന്നു. ഇത്തരമൊരു സന്ദർശനത്തിലാണ് ഇഖ്ബാല്‍ യുവതിയെ കണ്ടുമുട്ടിയത്. ഇരുവരും ഫോണ്‍ നമ്പർ കൈമാറുകയും പിന്നീട് പതിവായി ഫോണിലൂടെ സംസാരിക്കുകയും ചെയ്തു.

ഒരു ദിവസം ഇഖ്ബാല്‍ യുവതിയോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. ജോലി സംബന്ധമായ ആവശ്യങ്ങളുടെ പേരിലാണ് ഇരുവരും കണ്ടുമുട്ടിയത്. എന്നാല്‍ യുവാവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. തന്റെ ഭർത്താവിനെ അറിയിക്കുമെന്ന് യുവതി പറഞ്ഞപ്പോള്‍ തങ്ങള്‍ ഫോണില്‍ സംസാരിച്ചതെല്ലാം താൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അത് ഉപയോഗിച്ച്‌ യുവതിയുടെ കുടുംബം ത‍കർക്കുമെന്നും ഭീഷണിപ്പെടുത്തി. ഭ‍ർത്താവിനും കുട്ടികള്‍ക്കും ഒപ്പം ജീവിക്കുകയായിരുന്നതിനാല്‍ ആ ഭീഷണിയില്‍ താൻ ഭയപ്പെട്ടുപോയെന്ന് യുവതി പറഞ്ഞു.

പിന്നീട് പല തവണ ഇഖ്ബാല്‍ തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. ഇതില്‍ മനംമടുത്ത് ഇഖ്ബാലിനെ കൊല്ലാനോ സ്വയം ജീവനൊടുക്കാനോ തീരുമാനിച്ചു. ബുധനാഴ്ച ഇഖ്ബാല്‍ തന്റെ ഭാര്യയെ അവരുടെ മാതാപിതാക്കളുടെ വീട്ടില്‍ കൊണ്ടുപോയി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങി വരവെ യുവതിയെ വിളിച്ചു. തനിക്ക് കാണണമെന്ന് യുവതി ഇഖ്ബാലിനെ അറിയിച്ചു.

രാത്രി ഭർത്താവിനെ മയക്കിക്കിടത്താനായി ഇഖ്ബാല്‍ രണ്ട് ഗുളികകള്‍ യുവതിക്ക് നല്‍കി. ഇത് നല്‍കിയ ശേഷം യുവതിയെ ഫോണില്‍ വിളിച്ച്‌ തന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു. ഇഖ്ബാലിനെ കൊല്ലണമെന്നോ അല്ലെങ്കില്‍ ജീവനൊടുക്കണമെന്നോ ഉറപ്പിച്ചാണ് അവിടേക്ക് പോയതെന്ന് യുവതി പറഞ്ഞു. വീട്ടില്‍ വെച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിനിടെ യുവാവിന്റെ വായയും മൂക്കും പൊത്തിപ്പിടിച്ച്‌ കൊല്ലുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലെ സ്റ്റെയർകെയ്സിന് സമീപം മൃതദേഹം ഉപേക്ഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. തന്റെ കുടുംബത്തെ സംരക്ഷിക്കാൻ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!