ബിഡിജെഎസിനായി വലവിരിച്ച്‌ സിപിഎം; തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസും; മനസ് തുറക്കാതെ തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം : എസ്‌എന്‍ഡിപി യോഗത്തിന്റെ തണലില്‍ രൂപം കൊടുത്ത ബിഡിജെഎസ് (ഭാരത് ധര്‍മ്മ ജനസേന) മുന്നണി മാറ്റത്തിനായി കോപ്പു കൂട്ടുന്നു. 10 കൊല്ലം മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറുമെന്ന അവകാശവാദവുമായി ബിജെപി സഖ്യത്തിന്റെ ഭാഗമായ പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ നഷ്ടമാകുന്ന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമാകുന്നത്.

ബിജെപി ബന്ധം അവസാനിപ്പിച്ചാല്‍ ബിഡിജെഎസിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം മുന്‍കൈ എടുത്തേക്കുമെന്ന അഭ്യൂഹങ്ങളും സജീവമാണ്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്നണി മാറ്റത്തിന് പച്ചക്കൊടി കാട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രധാന വോട്ട് ബാങ്കായ ഈഴവ സമുദായത്തിന്റെ വോട്ട് വിഹിതത്തില്‍ വന്‍ ചോര്‍ച്ച ഉണ്ടായതാണ് ബിഡിജെഎസിനെ എല്‍ഡിഎഫില്‍ കസേരയിട്ട് ഇരുത്താനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത്.

പരമ്പരാഗതമായി സിപിഎമ്മിനു വോട്ടുചെയ്യുന്നവരാണ് ഈഴവ വിഭാഗത്തില്‍പ്പെട്ടവര്‍. മലബാറില്‍ തീയരും. ജനസംഖ്യയില്‍ കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു സമൂഹമാണ് ഈഴവര്‍. ജനസംഖ്യയുടെ ഏതാണ്ട് 23 ശതമാനം വരും ഈ ഒബിസി വിഭാഗം. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗണ്യമായ ഈഴവ സാന്നിദ്ധ്യമുള്ള മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ടു കൂടിയിരുന്നു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഈഴവ വോട്ടുകള്‍ കുത്തൊഴുകിയാണ് ബിജെപിയിലേക്ക് എത്തിയത്. 2019-ലെ കനല്‍ത്തരിയാ യിരുന്ന എഎം ആരിഫിന്റെ വോട്ട് ഇത്തവണ 8.76 ശതമാനം കുറഞ്ഞു. 40.96-ല്‍നിന്ന് 32.21 ശതമാനം ആയി. കുറഞ്ഞ വോട്ടുകളാകട്ടെ ഒരു ലക്ഷത്തിലധികവും. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ 28 ശതമാനത്തിലധികം വോട്ടുനേടി. 2019-ല്‍ ഇവിടെ ഡോ കെഎസ് രാധാകൃഷ്ണന്‍ നേടിയത് 17.24 ശതമാനം മാത്രമായിരുന്നു.

സംസ്ഥാന വ്യപകമായി കാര്യമായ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞതിലെ പ്രധാന കാരണങ്ങളിലൊന്ന് ഈഴവ വോട്ടുകള്‍ അനുകൂലമായതാണ് എന്നാണ് വിലയിരുത്തല്‍. സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ കണ്ണൂരില്‍ പോലും പലയിടത്തും ബിജെപി ശക്തി തെളിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടത്തെ സ്വന്തം ബൂത്തില്‍ ബിജെപി യുടെ വോട്ടുകള്‍ 2019-ലെ 53-ല്‍നിന്ന് 115 ആയത് സാംപിള്‍ മാത്രമാണ്. ഇത്തരം മുന്നേറ്റങ്ങള്‍ കേരളത്തിലുടനീളം കാണാന്‍ കഴിയും. ഈഴവ വോട്ടുകള്‍ ഗണ്യമായി കുറയുന്നത് കണ്ട് പകച്ച്‌ നിന്ന സിപിഎമ്മിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ബിഡിജെഎസിന്റെ മുന്നണി മാറ്റം. അഴിമതി ആരോപണങ്ങളും, ഭരണവിരുദ്ധ വികാരവും അലയടിച്ചു നില്‍ക്കുന്ന രാഷ്ടീയാന്തരീക്ഷത്തില്‍ ബിഡിജെഎസ് മുന്നണിയിലേക്ക് വന്നാല്‍ വലിയ ആശ്വാസമാകുമെന്ന് കരുതുന്നവരാണ് സിപിഎമ്മിലെ ബഹു ഭൂരിപക്ഷം നേതാക്കളും അണികളും.

ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന ബിഡിജെഎസ് കോട്ടയം ജില്ലാക്കമ്മറ്റിയാണ് എന്‍ഡിഎ മുന്നണി വിടണമെന്ന പ്രമേയം പാസാക്കിയത്. മുന്നണിമാറ്റം ചര്‍ച്ചചെയ്യാന്‍ ബിഡിജെഎസ് സംസ്ഥാന കമ്മറ്റി അടിയന്തരയോഗം വിളിച്ചിട്ടിട്ടുണ്ട്. സിപിഎമ്മുമായി ചില ബിഡിജെഎസ് നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായും സൂചനയുണ്ട്. തിടുക്കത്തില്‍ ബിജെപിയെ പിണക്കി മറുകണ്ടം ചാടുന്നതിനോട് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു താത്പര്യക്കുറവുണ്ട്. ബിജെപിയോടു ചില ആവശ്യങ്ങള്‍കൂടി ഉന്നയിക്കാനും നടപ്പായില്ലെങ്കില്‍ മുന്നണിമാറ്റത്തിലേക്കു നീങ്ങാനുമാണു തീരുമാനം. അഞ്ച് നിയമസഭാ സീറ്റ് ലഭിച്ചാല്‍ ഇടതുമുന്നണിയില്‍ ചേരാമെന്ന സന്ദേശമാണു ചില ബിഡിജെഎസ് നേതാക്കള്‍ സിപിഎമ്മിനെ അറിയിച്ചതായാണ് വിവരം.

വെള്ളാപ്പള്ളി നടേശന്‍ മുന്നണിമാറ്റത്തിന് അനുകൂലമാണെന്നാണ് കരുതപ്പെടുന്നത്. ഇടത് ആശയങ്ങളോട് എല്ലാക്കാലത്തും ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആളാണ് വെളളാപ്പളളി. ഇതിനിടയില്‍ ബിഡിജെഎസിനെ യുഡിഎഫിനൊപ്പം ചേര്‍ക്കണമെന്ന് വാദിക്കുന്നവര്‍ പ്രതിപക്ഷത്തും സജീവമാണ്. ഈഴവ ജനവിഭാഗത്തെ അവഗണിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ തുറന്ന് പറഞ്ഞിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബിജെപിയെ തള്ളിപ്പറഞ്ഞാല്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കൂടെക്കൂട്ടാമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. സിപിഎം ഇവരെ റാഞ്ചുന്നതിന് മുമ്പേ ഇക്കാര്യത്തില്‍ നിലപാട് തുറന്ന് പറയണമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!