മുംബൈ: മുതിർന്ന മാധ്യമപ്രവർത്തകനും മുൻ എംപിയും ചലച്ചിത്ര നിർമാതാവുമായ പ്രിതീഷ് നന്ദി അന്തരിച്ചു. 73 വയസായിരുന്നു. മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ചയായിരുന്നു അന്ത്യം. മകനും ചലച്ചിത്ര നിർമാതാവുമായ കുഷൻ നന്ദിയാണ് വാർത്ത സ്ഥിരീകരിച്ചത്. അന്തിമചടങ്ങുകള്‍ ദക്ഷിണമുംബൈയില്‍ നടന്നു.
മനുഷ്യാവകാശ പ്രവർത്തകനും കവിയുമായിരുന്ന അദ്ദേഹം ഇംഗ്ലീഷില്‍ നാൽപ്പതോളം കവിതകള്‍ രചിച്ചു. ബംഗാളി, ഉറുദു, പഞ്ചാബി, എന്നിവയില്‍ നിന്ന് കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. 1977-ല്‍ അദ്ദേഹത്തെ പദ്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ചു. 1990-കളിൽ ദൂരദർശനിൽ ദ ‘പ്രിതീഷ് നന്ദി ഷോ’ എന്ന പേരിൽ ഒരു ടോക്ക് ഷോ നടത്തിയിരുന്നു. 2000 ത്തിന്റെ തുടക്കത്തിൽ നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.
ജങ്കാർ ബീറ്റ്‌സ്, ചമേലി, ഹസാരോൺ ഖ്വായിഷെന്‍ ഐസി, ഏക് ഖിലാഡി ഏക് ഹസീന, അങ്കഹീ, പ്യാർ കെ സൈഡ് ഇഫക്‌ട്‌സ്, ബ്വൗ ബാരക്ക്‌സ് ഫോറെവർ തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ നിർമാതാവായിരുന്നു പ്രിതീഷ് നന്ദി. 2008-ല്‍ അദ്ദേഹത്തിന് കര്‍മവീര്‍ പുരസ്‌കാരം ലഭിച്ചു. 2006-ല്‍ യുണൈറ്റഡ് നേഷന്‍സ് ഹെറിറ്റേജ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.
1951 ജനുവരി 15 ന് ബീഹാറിലെ ഭഗൽപൂരിൽ ജനിച്ച പ്രിതീഷ് നന്ദി ഒരു പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1998 മുതൽ 2004 വരെ ശിവസേനയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നടൻ അനുപം ഖേർ പ്രിതീഷ് നന്ദിയെ അനുസ്മരിച്ച് കൊണ്ട് വികാരനിർഭരമായ കുറിപ്പ് സാമൂഹ്യമാധ്യങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത സുഹൃത്തതായ പ്രിതീഷ് നന്ദിയുടെ വിയോഗം ഞെട്ടലും അഗാധമായ ദുഖവും ഉണ്ടാക്കുന്നതാണ്. അദ്ദേഹം ഒന്നിനെയും ഭയപ്പെടാത്ത വ്യക്തിയായിരുന്നുവെന്നും ഖേർ കുറിച്ചു.