തൃശൂർ : റവന്യൂ മന്ത്രിയുടെ ജില്ലയായ തൃശൂരിൽ വില്ലേജ് ഓഫീസർമാരെല്ലാം പരിധിക്ക് പുറത്താണ്.
വില്ലേജ് ഓഫീസർമാർക്ക് ഓഫീസ് സംബന്ധമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ മൊബൈൽ ഫോണുകൾ നിശ്ചലമായതോടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടു.
സർക്കാർ വില്ലേജ് ഓഫീസർമാർക്ക് നൽകിയ ഫോണുകളാണ് ബില്ലടക്കാത്തതുമൂലം നിശ്ചലമായിരിക്കുന്നത്. ബിഎസ്എൻഎൽ സിമ്മുകളാണ് കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഫോൺ ചെയ്യാനായി സർക്കാർ നൽകിയിട്ടുള്ളത്.
ഫോണുകളുടെ ബിൽ തുക അതാത് ജില്ലാ അധികൃതരാണ് അടക്കേണ്ടത്. എന്നാൽ റവന്യൂ മന്ത്രിയുടെ ആസ്ഥാന ജില്ലയായ തൃശൂർ ജില്ലയിൽ ബില്ലുകൾ അടക്കാത്തതുമൂലം കേരള പിറവി ദിനമായ നവംബർ ഒന്നു മുതൽ വില്ലേജ് ഓഫീസർമാരുടെ ഫോണുകൾ നിശ്ചലമാണ്. കോളുകൾ സ്വീകരിക്കാം എന്നിരിക്കെ പുറത്തേക്ക് വിളിക്കാനുള്ള സംവിധാനമാണ് ഇല്ലാതായിട്ടുള്ളത്.
പരാതികൾ ഫോണിലൂടെയോ നേരിട്ടോ പോയി അന്വേഷിച്ച് ഉറപ്പുവരുത്തണ മെന്നാണ് സർക്കാരിൻ്റെ പുതിയ നിർദ്ദേശം. പരാതിക്കാരനെ അനാവശ്യമായി ഓഫീസുകളിലേക്ക് വിളിച്ചു വരുത്തരുതെന്ന നിർദ്ദേശവും ഇതിനോടൊപ്പമുണ്ട്. ഈ ഒരു സാഹചര്യത്തിൽ പരാതിക്കാരുമായി വില്ലേജ് ഓഫീസർമാർ ബന്ധപ്പെടാറുള്ളത് മൊബൈൽ ഫോണുകൾ വഴിയാണ്. ഫോണുകൾ നിശ്ചലമായതോടെ ബന്ധപ്പെടാനുള്ള സംവിധാനവും നഷ്ടമായിരിക്കുകയാണ്.
വില്ലേജ് ഓഫീസർമാർക്ക് നൽകിയ ഫോണിന് സമാനമായി തഹസിൽദാർമാർക്കും ഫോണുകൾ നൽകിയിട്ടുണ്ട്. തഹസിൽദാർമാർക്ക് നൽകിയ ഫോണുകളുടെയും ബില്ലുകൾ അടച്ചിട്ടില്ലന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് വില്ലേജ് ഓഫീസർമാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ചകളും നടക്കുന്നുണ്ട്. സംസ്ഥാനത്ത് മറ്റ് വില്ലേജ് ഓഫീസർമാരുടെ ഫോണുകൾ പ്രവർത്തിക്കുമ്പോൾ പണം അടക്കാത്തത് കാരണം തൃശ്ശൂർ ജില്ലയിലെ വില്ലേജ് ഓഫീസർമാരുടെ ഫോണുകളാണ് നിശ്ചലമായിട്ടുള്ളത്.