കസാന്‍: ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൃഷ്ണഭജന്‍ പാടി സ്വീകരിച്ച് റഷ്യന്‍ പൗരന്മാര്‍. കസാനിലെ ഹോട്ടല്‍ കോര്‍സ്റ്റണില്‍ എത്തിയ മോദിയെ ഭജന്‍ പാടി സ്വീകരിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസികളെ അഭിവാദ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തു.
കസാനിലെ ഹോട്ടല്‍ കോര്‍സ്റ്റണില്‍ റഷ്യന്‍ കലാകാരന്മാരുടെ നൃത്ത പരിപാടികളും പ്രധാനമന്ത്രി കണ്ടു. ‘ഏകദേശം മൂന്ന് മാസത്തോളം ഞങ്ങള്‍ റിഹേഴ്‌സല്‍ ചെയ്തു. ജനങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയെ ശരിക്കും ഇഷ്ടമാണ്. ഞങ്ങള്‍ മികച്ച നര്‍ത്തകരെന്ന് അദ്ദേഹം പറഞ്ഞു’. ഒരു റഷ്യന്‍ കലാകാരി എഎന്‍ഐയോട് പറഞ്ഞു.
16ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ മോദി ബ്രിക്‌സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രധാനമന്ത്രിമാരുമായും ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തിയേക്കും. ‘ബ്രിക്‌സ് ഉച്ചകോടിക്കായി കസാനില്‍ എത്തി. ഇതൊരു സുപ്രധാന ഉച്ചകോടിയാണ്. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ നല്ല നാളേയ്ക്ക് വേണ്ടിയാകും’ മോദി എക്‌സില്‍ പറഞ്ഞു.
ഈ വര്‍ഷം പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ റഷ്യന്‍ സന്ദര്‍ശനമാണിത്. 22ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ജൂലൈയില്‍ മോസ്‌കോയിലെത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തിയിരുന്നു.