‘സിദ്ദിഖിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് സല്‍മാനുമായുള്ള ബന്ധം’;  ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയ് സംഘം

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയ് സംഘം. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനുമായി അടുപ്പമുള്ളതിനാലാണ് സിദ്ദിഖിയുടെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും സംഘത്തിലെ ഒരാള്‍ സാമൂഹ്യമാധ്യമത്തില്‍ ആരോപിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഇതിന്റെ ആധികാരികത ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു.

ഷിബു ലോങ്കര്‍ എന്ന അക്കൗണ്ട് കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. ബിഷ്ണോയി സംഘത്തിലെ അസോസിയേറ്റായ ശുഭം രാമേശ്വര്‍ ലോങ്കര്‍ എന്നയാളായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷ്ണോയി സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശുഭം. അനധികൃതമായി ആയുധം കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് ശുഭം ലോങ്കര്‍.

ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ പിടിയിലായ രണ്ട് പ്രതികള്‍ തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. സല്‍മാന്‍ ഖാന് നേരെയുണ്ടായ വധശ്രമക്കേസില്‍ പ്രതിയായിരുന്നു ലോറന്‍സ് ബിഷ്‌ണോയി.

ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലെ സീഷന്‍ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് ഇന്നലെ രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിര്‍ത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഹരിയാന സ്വദേശി കര്‍ണെയ്ല്‍ സിങ്, ഉത്തര്‍പ്രദേശ് സ്വദേശി ധര്‍മരാജ് കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. അക്രമി സംഘത്തിലെ മൂന്നാമനെ കണ്ടെത്താനായി പൊലീസ് ഊര്‍ജ്ജിത തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!