അടിമാലി : വാളറയില്‍ വന്‍ ജനരോഷം. ദേശീയ പാത ഉപരോധിച്ചു. ദേശീയ പാതയോരത്തേ അപകടകരമായ മരങ്ങള്‍ പ്രതീകാത്മകമായി മുറിച്ച് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പണിമുടക്ക് സമരം പൂര്‍ണ്ണം.
ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ നടന്ന പണിമുടക്കില്‍ താലൂക്കിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നിരുന്നു. കുടെതെ പ്രൈവറ്റ് ബസ്സുകള്‍ സര്‍വ്വീസ് നടത്താതിനാല്‍ താലൂക്കിലെ മുഴുവന്‍ വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല.

എന്നാല്‍ ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും പതിവ് പോലെ പ്രവര്‍ത്തിച്ചു. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ദേശീയ പാതയോരത്തേ അപകട ഭീഷണി ഉയര്‍ത്തുന്ന 259 ഓളം മരങ്ങള്‍ മുറിച്ച് മാറ്റാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് നടന്നത്. വാളറ കുത്തിന് സമീപം നൂറുകണക്കിന് ആളുകള്‍ എത്തി ദേശീയ പാത ഉപരോധിക്കുകയും തുടര്‍ന്ന് പ്രതീകാത്മകമായി പാതയോരത്തേ രണ്ട് മരങ്ങള്‍ സമരക്കാര്‍ മുറിച്ച് മാറ്റുകയുമുണ്ടായി.
പ്രതിഷേധ സമരം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം ബേബി, ബാബു പി കുര്യാക്കോസ്, കോയ അമ്പാട്ട്, റസ്സാക്ക് ചൂരവേലി വ്യാപാരി വ്യവസായി ഇടുക്കി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.ആര്‍ വിനോദ് ബിജെപി ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി വി.എന്‍ സുരേഷ്, എല്‍ദോസ് വാളറ അടിമാലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സമരത്തിന് നേതൃത്വം നല്‍കി.
