ആലപ്പുഴ : അദ്ധ്യാപകൻ, സാഹിത്യകാരൻ, പ്രാദേശിക ചരിത്രകാരൻ, വാഗ്മി, പ്രഭാഷകൻ എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു.
SPCS പ്രസിദ്ധീകരിച്ച അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൻ്റെ ചരിത്രമാണ് ശ്രദ്ധേയമായ രചന. ലേഖനങ്ങളും ജീവചരിത്രങ്ങളും,
അനുഷ്ഠാനകലകളെ കുറിച്ചുള്ള പഠനങ്ങളും മറ്റു സാംസ്കാരിക പഠനങ്ങളും ലേഖനങ്ങളും ഉൾപ്പെടെ നിരവധി രചനകൾ ഗോപകുമാർ സാറിൻ്റെതായി ഉണ്ട്.
ഉദയത്തിനു മുമ്പ്, ഇടയൻ്റെ പാട്ട്, ശ്യാമകൃഷ്ണൻ, ഹരിമാധവം, ഗംഗാമയ്യ, മാന്യമഹാജനം, അമൃതദർശനം (കവിതാസമാഹാരങ്ങൾ).
അക്കുത്തിക്കുത്ത്, കൃഷ്ണലീല, രാപ്പാടി പൊലിയേ പൊലി (ബാലസാഹിത്യം)
കുഞ്ചൻ നമ്പ്യാർ (ജീവചരിത്രം)
സത്യത്തിൻ്റെ നാനാർത്ഥങ്ങൾ, സുകൃതപൈകൃതം, ചരിത്രപാഠത്തിലെ നക്ഷത്രവിളക്ക്, തിരകൾ മായ്ക്കാത്ത പാദമുദ്രകൾ , വേലകളി, പള്ളിപ്പാന (പഠനഗ്രന്ഥങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ’
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം,
വെണ്മണി പുരസ്കാരം, അമൃതകീർത്തി പുരസ്കാരം 2016, ജന്മാഷ്ടമി പുരസ്കാരം 2016, ഏകതാ അവാർഡ് (ഷാർജ ), പ്രൊഫ. കോഴിശ്ശേരി ബാലരാമൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഗോപകുമാർ സാറിനെ തേടിയെത്തി
ആലപ്പുഴ എസ്.ഡി കോളജിൽ മലയാളം അദ്ധ്യാപകനായിരുന്ന അദ്ദേഹം വകുപ്പു മേധാവിയായാണ് വിരമിച്ചത്. തുടർന്ന് വൈക്കം ക്ഷേത്രകലാപീഠം ഡയറക്ടർ അമ്പലപ്പുഴ ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട്,
“ശ്രീവത്സ”ത്തിൻ്റെ ചീഫ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു.
1944 ജൂൺ 27 ന് സി. കെ. നാണുപിള്ളയുടെയും കെ. എം. രാജമ്മയുടെയും പുത്രനായി ജനനം. ആലപ്പുഴ എസ്.ഡി കോളജ്, ചങ്ങനാശ്ശേരി എൻ എസ് എസ് കോളജ് എന്നീ കലാലയങ്ങളിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കേരള സർവ്വകലാശാലയിൽ നിന്ന് പി.എച്ച് ഡി നേടി.
ഭാര്യ: പ്രൊഫ. ജി. വിജയലക്ഷ്മി ആലപ്പുഴഎസ്.ഡി. കോളേജിൽ തന്നെ മലയാളവിഭാഗത്തിൽ അദ്ധ്യാപികയായി വിരമിച്ചു.
പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു
