ന്യൂഡൽഹി : ലോകം കണ്ട ഏറ്റവും വലിയ ഐടി നിശ്ചലത എന്നാണ് ഇന്ന് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ പ്രവര്‍ത്തനത്തിലുണ്ടായ ഗുരുതര പ്രശ്‌നത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
മൈക്രോസോഫ്റ്റ് പണി നിർത്തിയതോടെ വ്യോമയാന സർവ്വീസുകൾക്ക് വമ്പൻ പണിയാണ് കിട്ടിയിരിക്കുന്നത്. ഇൻഡിഗോയുടെ 192 വിമാനങ്ങൾ ഇതിനോടകം റദ്ദാക്കി. വിമാനങ്ങൾ റദ്ദാക്കിയെങ്കിലും പുതിയ വിമാനം ബുക്ക് ചെയ്യാനോ, റീഫണ്ട് നൽകാനോ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് ഇൻഡിഗോ അറിയിച്ചു.
ഇത് തങ്ങളുടെ കൈയിലല്ലെന്നും ലോകം മുഴുവൻ നേരിടുന്ന പ്രതിസന്ധിയാണെന്നും ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. ഒപ്പം 192 വിമാനങ്ങൾ റദ്ദാക്കിയതിന്റെ പട്ടികയും ഇൻഡിഗോ പുറത്തുവിട്ടു.
തിരുവനന്തപുരത്തുനിന്നുള്ള നാല് സര്‍വീസുകളും ഇന്‍ഡിഗോ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ബംഗളൂരു, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.അതേസമയം വിമാന സർവ്വീസുകൾ വൈകുന്നതിനാൽ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും സൗകര്യങ്ങളും നൽകാൻ വിമാനസർവ്വീസ് അധികൃതരോട് നിർദ്ദേശിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി രാമോഹൻ നായിഡു അറിയിച്ചു.
മുന്നറിയിപ്പുകളൊന്നുമില്ലാതെയായിരുന്നു ലോകത്താകമാനം മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ പെട്ടെന്ന് ഷട്ഡൗൺ ആയത്. യു എസ് സൈബർ സുരക്ഷാ കമ്പനിയായ ക്രൗഡ്സ്ട്രൈക്ക് നൽകിയ അപ്ഡേറ്റാണ് ഈ സ്തംഭനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.