നിയമസഭയില്‍ നേർക്കുനേർ ഏറ്റുമുട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും

തിരുവനന്തപുരം : നിയമസഭയില്‍ നേർക്കുനേർ ഏറ്റുമുട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും.

എസ്‌എഫ്‌ഐയുടെ അതിക്രമങ്ങള്‍ക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചശേഷം പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ വാക്‌പോര് ഉണ്ടായത്. താങ്കള്‍ മഹാരാജാവല്ല മുഖ്യമന്ത്രിയാണെന്ന് വി ഡി സതീശൻ പറഞ്ഞപ്പോള്‍ താൻ മഹാരാജാവല്ല ജനങ്ങളുടെ ദാസനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘നിങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. നവകേരളസദസില്‍ യാത്ര ചെയ്തപ്പോള്‍ മഹാരാജാവായി നിങ്ങള്‍ക്ക് തോന്നി. എന്നാല്‍ നിങ്ങള്‍ മഹാരാജാവല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്’ എന്നാണ് വി ഡി സതീശൻ പറഞ്ഞത്.

തുടർന്ന് വി ഡി സതീശന്റെ പ്രസംഗത്തില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞു. ‘ഞാൻ മഹാരാജാവൊന്നുമല്ല, ഞാൻ ജനങ്ങളുടെ ദാസനാണ്. എല്ലാ കാലത്തും ജനങ്ങളോടൊപ്പമാണ് നിന്നിട്ടുള്ളത്. ജനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യും. ജനങ്ങളുടെ കൂടെയാണ് അവരുടെ ദാസനാണ്’,- എന്നായിരുന്നു പിണറായി വിജയന്റെ മറുപടി.

ഇത് കേരളമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ ചോദ്യത്തോട് ഭരണപക്ഷം സഭയില്‍ ബഹളം ഉണ്ടാക്കി. പിന്നാലെ പ്രതിപക്ഷാംഗങ്ങളും സീറ്റില്‍ നിന്ന് എഴുന്നേറ്റു. 29 വർഷം സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയില്‍ പ്രവർത്തിച്ച ആളാണ് എസ്‌എഫ്‌ഐയുടെ അതിക്രമം മൂലം ബിജെപിയിലെത്തിയത്. അവരായിരുന്നു ആലത്തൂരിലെ സ്ഥാനാർഥിയെന്നും സതീശൻ പറഞ്ഞു.

ബഹളമായതോടെ സ്പീക്കർ ഇടപെട്ടു. ഇതോടെ മുഴുവൻ പറഞ്ഞിട്ടെ പോകുവെന്ന് വിഡി സതീശൻ വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകളില്‍ എസ്‌എഫ്‌ഐയെ നിയന്ത്രിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷനേതാവ് തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!