ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വനത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ബജാദ് ഗ്രാമത്തിലെ ഗന്ദോഹ് മേഖലയിൽ രാവിലെ 9.50 ഓടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. അമേരിക്കൻ നിർമ്മിത എം-14 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങൾ സൈന്യം ഭീകരരിൽ നിന്നും പിടിച്ചെടുത്തു.
കൊല്ലപ്പെട്ട ഭീകരരുടെ വിശദവിവരങ്ങൾ ഏറ്റുമുട്ടൽ അവസാനിച്ചതിന് ശേഷം മാത്രമേ പുറത്ത് വിടുകയുള്ളൂ എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജൂൺ11, 12 തീയതികളിൽ നടന്ന ഭീകരാക്രമണങ്ങളെ തുടർന്ന് പോലീസും കരസേനയും സി ആർ പി എഫും സംയുക്തമായി മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഏറ്റുമുട്ടൽ.
ജൂൺ 11ന് ചത്തർഗല്ലയിലെ സംയുക്ത ചെക്ക് പോസ്റ്റിന് നേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. അടുത്ത ദിവസം ഗാന്ദോഹ് മേഖലയിലെ കോട്ടയിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.
ആക്രമണങ്ങളെ തുടർന്ന് സൈന്യം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രദേശത്ത് നാല് പാകിസ്ഥാനി ഭീകരർ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്, ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
സിനൂ പഞ്ചായത്തിലെ ഒരു ഉപയോഗശൂന്യമായ കുടിലിൽ ഒളിച്ചിരിക്കുകയായിരുന്ന പാകിസ്താനി ഭീകരനെയാണ് രാവിലെ സൈന്യം വധിച്ചത്. പ്രദേശത്ത് സൈനിക ഹെലികോപ്റ്ററും നിരീക്ഷണം തുടരുകയാണ്. രജൗറിയിലെ പിന്ദ് ഗ്രാമത്തിലെ ചിങ്ഗൂസ് മേഖലയിൽ നിന്നും ഒരു ചൈനീസ് നിർമ്മിത ഗ്രനേഡും സൈന്യം കണ്ടെടുത്തിരുന്നു.