ന്യൂഡൽഹി: മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. ഇന്ന് രാവിലെയാണ് കെജ്രിവാളിനെ സിബിഐ റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. ഭാര്യ സുനിത കെജ്രിവാളും അദ്ദേഹത്തോടൊപ്പം കോടതിയിലെത്തിയിരുന്നു.
തിഹാർ ജയിലുള്ളിൽ കെജ്രിവാളിനെ ചോദ്യം ചെയ്തതിനെ കുറിച്ച് മാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിഞ്ഞതെന്ന് കെജ്രിവാളിന് വേണ്ടി വാദിച്ച അഭിഭാഷകൻ വിവേക് ജെയ്ൻ പറഞ്ഞു. ഇതിലെ ഉള്ളടക്കം ആശങ്കയുളവാക്കുന്നതാണെന്ന് പറഞ്ഞ അഭിഭാഷകൻ കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തിലേക്ക് മാറ്റി വയ്ക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
ഇലക്ഷന് മുൻപ് സിബിഐക്ക് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാമായിരുന്നെന്നും എന്നാൽ, അത് ചെയ്തില്ലല്ലോ എന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്പി സിംഗ് കോടതിയിൽ അറിയിച്ചു. അദ്ദേഹം ജയിലിൽ തിരികെയെത്തിയതിന് ശേഷം മാത്രമാണ് സിബിഐ അറസ്റ്റ് ചെയ്തത്. നിയമപ്രകാരം ചോദ്യം ചെയ്യലിനെ കുറിച്ച് മറ്റുള്ളവരെ അറയിക്കേണ്ടതായ ആവശ്യമില്ലെന്നും എസ്പി സിംഗ് വ്യക്തമാക്കി.
അതേസമയം, കെജ്രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ സ്‌റ്റേ ചോദ്യം ചെയ്തു കൊണ്ട് പുതിയ ഹർജി നൽകാൻ കെജ്രിവാളിന് സുപ്രീം കോടതി അനുമതി നൽകി. ചൊവ്വാഴ്ച്ച രാത്രിയാണ് സിബിഐ സംഘം തിഹാർ ജയിലിൽ കെജ്രിവാളിനെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
