ന്യൂഡൽഹി: ആയിരക്കണക്കിന് വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിയ്ക്കുന്ന അപൂർവ്വ കാഴ്ചയ്ക്കാണ് ലോകം ഇന്ന് സാക്ഷിയാകുന്നത്. സൗരയൂഥത്തിലെ ആറ് ഗ്രഹങ്ങൾ ഒരേ വരിയിൽ വിന്യസിക്കും. ഈ അപൂർവ്വ പ്രതിഭാസം ഇന്ത്യയിലും ദൃശ്യമാകുമെന്നാണ് ഗവേഷകർ പറയുന്നത്.
ശനി, ചൊവ്വ, യുറാനസ്, നെപ്ട്യൂൺ, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങളാണ് ഒരേ വരിയിൽ വിന്യസിക്കുക. നേരത്തെ ഈ അപൂർവ്വ പ്രതിഭാസം ഇന്ത്യയിൽ ദൃശ്യമാകുമോയെന്ന കാര്യത്തിൽ ഗവേഷകർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്നും ഇത് കാണാൻ കഴിയുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഗവേഷകർ. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ പ്രതിഭാസം വ്യക്തമായി കാണാൻ കഴിയുമെന്ന് ഗവേഷകർ നേരത്തെ അറിയിച്ചിരുന്നു.
പുലർച്ചെ സൂര്യനുദിക്കുന്നതിന് മുൻപായിട്ടാകും ഇന്ത്യയിൽ ഈ അപൂർവ്വ ഗ്രഹ വിന്യാസം കാണാൻ സാധിക്കുക. എന്നാൽ എല്ലാ ഗ്രഹങ്ങളെയും ദൃശ്യമാകാൻ സാദ്ധ്യത കുറവാണെന്നാണ് ഗവേഷകർ പറയുന്നത്. കാരണം ഇവ സൂര്യന് വളരെയധികം അടുത്തായിട്ടായിരിക്കും നിലയുറപ്പിക്കുക. അതിനാൽ സൂര്യന്റെ വെളിച്ചത്താൽ സൂര്യനോട് വളരെ അടുത്തു നിൽക്കുന്ന ഗ്രഹങ്ങൾ കാണാൻ സാധിക്കില്ല.
കഴിഞ്ഞ ദിവസങ്ങളിലായി വ്യാഴം സൂര്യനോട് അടുത്ത് വന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ബുധനും സൂര്യന് അടുത്തുവരും. അപൂർവ്വ ഗ്രഹ വിന്യാസം ദിവസങ്ങളോളം ആകാശത്ത് ദൃശ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
സൂര്യോദയത്തിന് 20 മിനിറ്റ് മുൻപായി ചൊവ്വയും വ്യാഴവും കാണാൻ സാധിക്കും. കിഴക്കൻ ചക്രവാളത്തിന് 10 ഡിഗ്രി മുകളിൽ ആയിട്ടാകും ബുധൻ ഉണ്ടാകുക. കിഴക്കൻ ചക്രവാളത്തിൽ നഗ്ന നേത്രങ്ങൾ കൊണ്ട് നെപ്ട്യൂണും യുറാനസും കാണാൻ സാധിക്കും. സൂര്യനോട് ചേർന്നായിരിക്കും ശുക്രന്റെ സ്ഥാനം. കിഴക്കൻ ആകാശത്ത് ഓറഞ്ച് നിറത്തിലായിരിക്കും ശനിയെ കാണാൻ കഴിയുക. ചുവപ്പ് നിറത്തിലായിരിക്കും ചൊവ്വ. ഈ ഗ്രഹങ്ങളോട് ചേർന്ന് ചന്ദ്രക്കലയും ദൃശ്യമാകും.