കെജരിവാള്‍ ഇന്ന് തിരികെ ജയിലിലേക്ക്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ജയിലിലേക്ക് തിരിച്ചുപോകും.ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് 7 ദിവസത്തെ ഇടക്കാലജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചു. എന്നാല്‍, ജഡ്ജി കാവേരി ബവേജ ഉത്തരവ് ബുധനാഴ്ചത്തേക്കു മാറ്റി. ഇതോടെയാണ് ജയിലിലേക്കുള്ള മടക്കം ഉറപ്പായത്.

സുപ്രീം കോടതി നല്‍കിയ ഇടക്കാല ജാമ്യം നീട്ടണമെന്നല്ല, പകരം ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചുള്ള പുതിയ ഇടക്കാല ജാമ്യത്തിനാണ് കെജരിവാള്‍ അപേക്ഷിച്ചിരിക്കുന്നതെന്നു വിചാരണക്കോടതി നിരീക്ഷിച്ചു. മാര്‍ച്ച് 21നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്. മേയ് 10ന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്നു നിര്‍ദേശിച്ചിരുന്നു. ഇടക്കാല ജാമ്യാപേക്ഷ നിലനില്‍ക്കുന്നതല്ലെന്ന് ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവില്‍ മാറ്റം വരുത്താന്‍ വിചാരണക്കോടതിക്കു കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതു വഴി സുപ്രീം കോടതി നല്‍കിയ ജാമ്യം നീട്ടാനാണ് ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവും പറഞ്ഞു. ഇടക്കാല ജാമ്യം ലഭിക്കണമെങ്കില്‍ പ്രതി കസ്റ്റഡിയിലായിരിക്കണമെന്ന് അദ്ദേഹം വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!