മഞ്ഞുമ്മൽ ബോയ്‌സിന് ചിലവായത് വെറും 18.65 കോടി; നിർമ്മാതാക്കൾ ഒരു രൂപ പോലും ചിലവാക്കിയില്ല; നടത്തിയത് വൻ സാമ്പത്തിക തട്ടിപ്പെന്ന് പോലീസ്

എറണാകുളം: സൂപ്പർ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പോലീസ്. അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ നൽകിയ പരാതിയിൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് നിർണായക വിവരങ്ങൾ ഉള്ളത്. ഈ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയ്ക്ക് കൈമാറി.

22 കോടി സിനിമയുടെ ചിത്രീകരണത്തിനായി ചിലവായി എന്നാണ് നിർമ്മാതാക്കളുടെ വാദം. എന്നാൽ ഇത് കള്ളമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 18.65 കോടി രൂപമാത്രമാണ് ചിലവായത്. സിനിമയ്ക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും ചിലവാക്കിയിട്ടില്ല. ഇതേ സ്ഥാനത്ത് ഏഴ് കോടി രൂപയാണ് സിറാജ് ചിലവിട്ടത്. റിപ്പോർട്ടിൽ പറയുന്നുണ്ട്. പറവ ഫിലിംസ് ആണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാതാക്കൾ.

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. നിർമ്മാതാക്കൾ മുൻധാരണ പ്രകാരമുള്ള ചതിയാണ് പരാതിക്കാരനോട് ചെയ്തത്. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് നിർമ്മാതാക്കൾ തിരികെ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പരാതിയിൽ പോലീസ് ബാങ്ക് രേഖകൾ പരിശോധിച്ചിരുന്നു. ഇതിലാണ് പറവ എന്ന നിർമ്മാണ കമ്പനി കോടികൾ തട്ടിയെടുത്തതായി വ്യക്തമായത്.

സിനിമയുടെ ലാഭ വിഹിതത്തിന്റെ 40 ശതമാനം നൽകാം എന്നായിരുന്നു നിർമ്മാതാക്കളും സിറാജുമായി ഉണ്ടാക്കിയ കരാർ. എന്നാൽ സിനിമ സൂപ്പർ ഹിറ്റായിട്ടും ഒരു രൂപ പോലും മടക്കിയ നൽകിയില്ലെന്നാണ് സിറാജിന്റെ പരാതി. കോടികളുടെ നഷ്ടമാണ് തനിക്ക് ഉണ്ടായത് എന്നും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!