രാജാക്കാട് : ഡ്രൈ ഡേയിൽ മദ്യവിൽപന നടത്തിയ പൂപ്പാറ സ്വദേശിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. പൂപ്പാറ ഗാന്ധിനഗർ കോളനിയിൽ പാറയടിയിൽ കാശിയുടെ മകൻമാരിമുത്തുവിനെയാണ് 12 ലിറ്റർ വിദേശമദ്യവുമായി ഉടുമ്പൻചോല എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.
രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഇയാളുടെ വീടിന് സമീപത്താണ് മദ്യം സൂക്ഷിച്ചിരുന്നത്. ഡ്രൈ ഡേ ദിനത്തിൽ വിൽപന നടത്തുന്നതിനായി ബിവറേജസ് കോർപറേഷൻ്റെ ഓട്ട് ലൈറ്റിൽ നിന്നും കൂടുതലായി ശേഖരിക്കുന്ന മദ്യം അര ലിറ്ററിന് 750 രൂപാ വില ഈടാക്കിയാണ് വിറ്റിരുന്നത്.
പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ മീരാൻ കെ എസ് . ജോഷി വി ജെ, അതുൺ എം എസ്, രാധാകൃഷ്ണൻ കെ, ബൈജു സോമരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ രേഖ ജി എന്നിവരാണ് റെയ്ഡ് നടത്തിയത്. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.
