ജാതി സെൻസസ് ദേശീയ എക്സ്-റേ ആണെന്ന് രാഹുൽ ; സ്ഥിരമായി വിദേശത്ത് പോകുന്നത് ആ എക്സ്-റേ മെഷീൻ കൊണ്ടുവരാനാണോ എന്ന് മോദി

പനാജി : കോൺഗ്രസ് അധികാരത്തിൽ വന്നാൽ നടത്താൻ പോകുന്ന ജാതി സെൻസസ് രാജ്യത്തിന്റെ ദേശീയ എക്സ്-റേ ആകുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ എക്സ്-റേ മെഷീൻ കൊണ്ടുവരാനാണോ രാഹുൽ ഗാന്ധി സ്ഥിരമായി വിദേശത്ത് പോകുന്നത് എന്ന് പ്രധാനമന്ത്രി മോദി ചോദിച്ചു. ഗോവയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോൾ ആയിരുന്നു മോദി രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ കുറിച്ച് സൂചിപ്പിച്ചത്.

“കോൺഗ്രസിന്റെ യുവരാജാവ് ഇടയ്ക്കിടെ നടത്തുന്ന ദുരൂഹമായ വിദേശയാത്രകളെക്കുറിച്ച് എനിക്കറിയാം. ഒരു എക്സ്-റേ മെഷീൻ കൊണ്ടുവരാനാണ് അദ്ദേഹം സ്ഥിരമായി വിദേശയാത്രകൾ നടത്തിയിരുന്നത് എന്ന് തോന്നുന്നു. അതുവെച്ച് രാജ്യത്തിന്റെ എക്സ്-റേ എടുക്കാൻ കഴിയും എന്നാണ് അദ്ദേഹം പറയുന്നത്” എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചു.

കോൺഗ്രസ് നടത്തുന്നത് പച്ചയായ വോട്ടുബാങ്ക് പ്രീണന രാഷ്ട്രീയം ആണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ പ്രിയപ്പെട്ട വോട്ട് ബാങ്ക് ആരാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. കോൺഗ്രസിന്റെ ഈ പ്രീണന രാഷ്ട്രീയത്തിന്റെ ദോഷഫലങ്ങൾ ഏറ്റവും ആദ്യം അനുഭവിക്കാൻ പോകുന്നത് കർണാടക ആയിരിക്കും. നമ്മുടെ ജീവിതകാലം മുഴുവൻ അവർ നമ്മളെ കൊള്ളയടിച്ചു. ഇപ്പോഴിതാ അനന്തരാവകാശ നികുതി ഏർപ്പെടുത്തുമെന്ന് പറഞ്ഞ് നമ്മുടെ മരണശേഷവും നമ്മളെ കൊള്ളയടിക്കാനുള്ള പദ്ധതിയാണ് അവർ ഒരുക്കുന്നത് എന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!