തിരുവനന്തപുരം: പ്രശസ്ത കാൻസർ രോഗ വിദഗ്ധനും തിരുവനന്തപുരം ഓങ്കോളജി ക്ലബിൻ്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന പത്മശ്രീ ഡോ. എം കൃഷ്ണൻ നായരുടെ സ്മരണാർത്ഥം തിരുവനന്തപുരം ഓങ്കോളജി ക്ലബ് ഏർപ്പെടുത്തിയ പുരസ്കാരം പ്രൊഫ. ജികെ രഥിന്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ന്യൂഡൽഹിയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മേധാവിയും റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിൻ്റെ തലവനും കാൻസർ രോഗ ചികിത്സാ രംഗത്തെ പ്രമുഖ വ്യക്തിത്വവുമാണ് പ്രൊഫ. ജികെ രഥ്.
പ്രൊഫ. ജികെ രഥിൻ്റെ സംഭാവനകൾ ക്ലിനിക്കൽ പ്രാക്ടീസിനപ്പുറത്തേക്ക് വ്യാപിക്കുന്നതാണ്. ജീവിതം തന്നെ കാൻസർ രോഗ പരിചരണത്തിനായി സമർപ്പിച്ചിരിക്കുന്ന പ്രൊഫ. ജികെ രഥ് അക്കാദമിക്, പ്രൊഫഷണൽ സംഘടനകളിൽ സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. തൻ്റെ ശ്രമങ്ങളിലൂടെ, ഇന്ത്യയിലെ കാൻസർ ചികിത്സയുടെയും ഗവേഷണത്തിൻ്റെയും മാർഗരേഖ രൂപപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. കാൻസർ രോഗത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് വേണ്ടിയുള്ള ഗവേഷണം, തുടർവിദ്യാഭ്യാസം എന്നിവയുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിലും പ്രൊഫ. ജികെ രഥ് നിർണായക പങ്കു വഹിച്ചിട്ടുണ്ട്.
രോഗികൾക്കായുള്ള ചികിത്സ മെച്ചപ്പെടുത്തുന്നതിലും ക്ലിനിക്കൽ പ്രാക്ടീസിലേക്ക് നൂതനമായ സമീപനങ്ങൾ സമന്വയിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. കാൻസർ ചികിത്സാ പ്രോട്ടോക്കോളുകൾ നിർണയിക്കുന്നതിലും കാൻസർ പ്രതിരോധത്തെക്കുറിച്ചും നേരത്തെയുള്ള കണ്ടെത്തലുകളെക്കുറിച്ചുമുള്ള അവബോധം ഉണ്ടാക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
ഒരു മികച്ച ഡോക്ടർ എന്നതിന് പുറമെ മികച്ച സംഘാടകനും ഭരണകർത്താവുമായിരുന്നു അദ്ദേഹമെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് അവാർഡ് നിർണയ സമിതി ചെയർമാൻ പ്രൊഫ. ടികെ പദ്മനാഭൻ അറിയിച്ചു. ഡോ. ചന്ദ്രമോഹൻ, ഡോ. ബോബൻ തോമസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. ഈ മാസം 26ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് തിരുവനന്തപുരം ഓങ്കോളജി ക്ലബ് സെക്രട്ടറി ഡോ. ബോബൻ തോമസ് അറിയിച്ചു.
