47ാം യുഎസ് പ്രസിഡന്റ്; ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും

ന്യൂയോർക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം. അതിശൈത്യത്തെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. നേരത്തെ തുറന്ന വേദിയിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സത്യപ്രതിജ്ഞക്കായി ഡൊണൾഡ് ട്രംപും കുടുംബവും ശനിയാഴ്ച വൈകുന്നേരം വാഷിങ്ടണിലെത്തി.

ഇന്ന് വാഷിങ്ടണിൽ മൈനസ് 12 ഡിഗ്രി സെൽഷ്യസ് തണുപ്പാണ് പ്രവചിക്കുന്നത്. 40 വർഷത്തിനുശേഷമാണ് യുഎസ് പ്രസിഡൻറിൻറെ സത്യപ്രതിജ്ഞ ചടങ്ങ് തുറന്ന വേദിയിൽ നിന്നു മാറ്റുന്നത്. ചടങ്ങിലേക്ക് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് അടക്കമുള്ള പ്രമുഖർ എത്തിയേക്കും.

ഇന്ത്യയിൽ നിന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചടങ്ങിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച വിവിധ ആഘോഷപരിപാടികൾ തുടരും. പള്ളികളിൽ പ്രാർഥനകൾ, വെടിക്കെട്ടുകൾ, റാലികൾ, ഘോഷയാത്രകൾ, വിരുന്നുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഇന്ന് പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നിന് കാപിറ്റോൾ അരീനയിൽ വിക്‌ടറി പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.‌‌ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡൻറായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!