1992 മുതല്‍ ചെരിപ്പ് ധരിച്ചിട്ടില്ല, 1300 കിലോമീറ്റര്‍ നഗ്നപാദനായി സൈക്കിള്‍ സവാരി ചെയ്ത് അയോധ്യയില്‍


അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ സൈക്കിളില്‍ യാത്ര ചെയ്ത് അഹമ്മദാബാദില്‍ നിന്ന് അയോധ്യയിലെത്തി 63 കാരനായ നെമരം പ്രജാപതി. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് നഗ്‌നപാദനായി 1300 കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്താണ് വ്യാഴാഴ്ച പ്രജാപതി അയോധ്യയിലെത്തിയത്.

1992 മുതല്‍ ചെരുപ്പ് ധരിച്ചിട്ടില്ലെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന് ശേഷം മാത്രമേ മാറ്റമുണ്ടാകൂ എന്ന് തീരുമാനിച്ചിരുന്നതായും പ്രജാപതി പറയുന്നു.

കഴിഞ്ഞ 20 വര്‍ഷമായി സൈക്കിള്‍ റാലികളില്‍ പങ്കെടുക്കുന്നയാളാണെന്ന് താനെന്ന് പ്രജാപതി പറയുന്നു. സൈക്കിളില്‍ രാമന്‍, ഹനുമാന്‍, ഭാരത് മാതാവ്, കാവി പതാകകള്‍, മയില്‍പ്പീലി, അലങ്കാര മണികള്‍, ത്രിശൂലം എന്നിവയുടെ ചിത്രങ്ങളും ഉണ്ട്.
സൈക്കിളിന്റെ മുന്നിലും പിന്നിലും ത്രിവര്‍ണ പതാകയും ഉണ്ട്. മൂന്ന് കുട്ടികളുടെ പിതാവാണ് പ്രജാപതി.

അഹമ്മദാബാദ്-അയോധ്യ യാത്ര കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2ന് ആരംഭിച്ചുവെന്ന് സൈക്കിളിന്റെ മുന്‍ വശത്ത് ബോര്‍ഡും വെച്ചിട്ടുണ്ട്. ഈ യാത്രയില്‍ രാജസ്ഥാന്‍ സന്ദര്‍ശനവും ഉണ്ടായിരുന്നെന്ന് പ്രജാപതി പറയുന്നു. രാം ലല്ല സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമെന്ന് പ്രജാപതി പറഞ്ഞു.

അതേസമയം രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22 ന് നടക്കും. ഇതിനോടനുബന്ധിച്ച് ക്ഷേത്ര നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ബുദ്ധ അങ്കിള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒമേഷ് ഭഗത്തും ഇത്തരത്തില്‍ സൈക്കിളില്‍ യാത്ര ചെയ്താണ് അയോധ്യയിലെത്തിയത്. 2023 മെയ് 5നാണ് ഇയാള്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും യാത്ര തിരിച്ചത്. 65 കാരനായ ബിലാസി റാമും 500 കിലോമീറ്റര്‍ അകലെയുള്ള ബറേലിയില്‍ നിന്ന് സൈക്കിളിലാണ് അയോധ്യയിലെത്തിയിരിക്കുന്നത്. ഇത് സ്വയം ചെയ്യുന്നതല്ലെന്നും ഭഗവാന്‍ രാമന്‍ എന്നോട് ആവശ്യപ്പെട്ടിട്ടാണിത് ചെയ്യുന്നതെന്നും ബിലാസി റാം പറഞ്ഞു.

ഉത്തരേന്ത്യയിലെ കൊടും തണുപ്പിനെ അവഗണിച്ചുകൊണ്ടാണ് സൈക്കിളില്‍ മൂന്നുപേരും അയോധ്യയിലെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!