തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഉയര്‍ന്ന താപനിലയായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും. ഇന്നലെ രാജ്യത്തെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. 38 ഡിഗ്രി. പുനലൂര്‍, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 36 ഡിഗ്രിയും രേഖപെടുത്തി. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.