ഡിസൈന്‍ ചെയ്യുന്നത് ഗൂഗിള്‍ മാപ്പ് നോക്കി, റോഡുകളില്‍ പലതും അശാസ്ത്രീയം; കെ ബി ഗണേഷ് കുമാര്‍

ന്യൂഡൽഹി: പാലക്കാട് കല്ലടിക്കോട് ദേശീയപാതയില്‍ ലോറി പാഞ്ഞുകയറി നാലുവിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ അശാസ്ത്രീയ റോഡ് നിര്‍മാണത്തില്‍ വിമര്‍ശനം ഉന്നയിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ദേശീയപാത ഡിസൈന്‍ ചെയ്യുന്നത് പലപ്പോഴും കോണ്‍ട്രാക്ടര്‍മാര്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണെന്നും ഇന്ത്യയിലെ റോഡുകളില്‍ പലതും അശാസ്ത്രീയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. റോഡ് നിര്‍മിക്കേണ്ട സൈറ്റിലെത്തി നേരിട്ട് കാര്യങ്ങള്‍  മനസ്സിലാക്കിയാണ് റോഡ് ഡിസൈന്‍ ചെയ്യേണ്ടത്. ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കണ്ടെത്തി ലിസ്റ്റ് തരാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പലയിടത്തും ഹൈവേ നിര്‍മിക്കാന്‍ വരുന്ന എന്‍ജിനിയര്‍മാര്‍ക്ക് റോളില്ലാത്ത അവസ്ഥയാണെന്ന് തോന്നുന്നു. നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്ന പുറത്തുള്ള കമ്പനികളുടെ കോണ്‍ട്രാക്ടര്‍മാരുടെ ഡിസൈനിലാണ് പലയിടത്തും നിര്‍മാണം നടക്കുന്നത്. ലോകബാങ്കിന്റെ റോഡുകള്‍ പോലെ, പ്രാദേശിക എന്‍ജിനീയര്‍മാരെയോ പ്രാദേശിക ജനപ്രതിനിധികളെയോ കണക്കിലെടുക്കാറില്ല. ഗൂഗിള്‍ മാപ്പ് വഴി റോഡ് ഡിസൈന്‍ ചെയ്തശേഷം പണം നല്‍കുകയാണ് ചെയ്യുന്നതെന്ന് ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.

ഡിസൈന്‍ ചെയ്യുന്ന റോഡരികില്‍ വീടുണ്ടോ വീട്ടിലേക്ക് പ്രവേശിക്കാനുള്ള വഴിയുണ്ടോ എന്നിവ കണക്കിലെടുക്കാറില്ല. റോഡ് നിര്‍മിക്കേണ്ട സൈറ്റിലെത്തി നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കിയാണ് റോഡ് ഡിസൈന്‍ ചെയ്യേണ്ടത്. റോഡിലെ വളവുകളിലെ കയറ്റം, ഇറക്കം, എന്നിവയൊന്നും പരിഗണിക്കാറില്ല.ലോക ബാങ്ക് നിര്‍മ്മിക്കുന്ന റോഡുകളില്‍ കെഎസ്ടിപിക്കോ പിഡബ്യുഡി എന്‍ജിനിയര്‍മാര്‍ക്കോ യാതൊരു പങ്കുമില്ല.വിഷയത്തില്‍ കൂടുതല്‍  ചര്‍ച്ചകള്‍ നടത്താനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!