പത്തനംതിട്ട നഗരസമീപം മാക്കാംകുന്ന് പാചക വാതക ഗോഡൗണിൽ പാർക്ക് ചെയ്ത ലോറിക്കും  സമീപത്തെ സ്കൂൾബസ്സിനും തീയിടാൻ ശ്രമം

പത്തനംതിട്ട : നഗരത്തിന് സമീപം മാക്കാംകുന്ന് പാചക വാതക ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന ലോറിക്കും  സമീപത്തെ സ്കൂൾബസ്സിനും തീയിടാൻ ശ്രമം. ഇന്നലെ രാത്രി 11.10 നും 12. 30 നും ആണ് വൻ അപകടത്തിന് കാരണമായേക്കാമായിരുന്ന തീവയ്പ്പ് ശ്രമം നടന്നത്
      
പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
മുൻസിപ്പാലിറ്റിയിലെ 13 ആം വാർഡിൽ കരിമ്പനക്കുഴി ഭാഗത്തെ സരോജ് ഗ്യാസ് ഏജൻസിയിലാണ് ആദ്യ തീവയ്പ്പ് ശ്രമം ഉണ്ടായത്.

ഗ്യാസ് ഏജൻസിയുടെ പാചകവാതക സിലിണ്ടറുകൾ നിറച്ച ലോറിയുടെ ക്യാമ്പിനിൽ തീ പടരുന്നതായി ഫയർഫോഴ്സിന് അറിയിപ്പ് ലഭിച്ചു. ഫയർഫോഴ്സ് സംഘം എത്തിയപ്പോഴേക്കും ജീവനക്കാർ ഫയർ എസ്റ്റിംഗ്യൂഷറും വെള്ളവും ഒഴിച്ച് തീ കെടുത്തിയിരുന്നു. രാത്രി 11. 10 ഓടെയാണ് സംഭവം ഉണ്ടായത്.

തീ പടർന്ന ലോറിക്ക് സമീപമുള്ള ഗോഡൗണിൽ 500 ഓളം പാചകവാതക സിലിണ്ടറുകളാണ് സൂക്ഷിച്ചിരുന്നത്. ഭാഗ്യം കൊണ്ട് മാത്രം വലിയ അപകടം ഒഴിവാകുകയായിരുന്നു.

തുടർന്ന് രാത്രി 12.30 ഓടെ ഇവിടെ നിന്നും 200 മീറ്റർ മാത്രം ദൂരെ എവർഷൈൻ റസിഡൻഷ്യൽ സ്ക്കൂളിൻ്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്ക്കൂൾ ബസ്സിന് തീ പിടിച്ചത്. ഫയർഫോഴ്സ് സംഘം എത്തിയപ്പോഴേക്കും സ്കൂൾബസ്സിൻ്റ ഉള്ളിൽ പൂർണ്ണമായും തീ പടർന്നിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എം ടി യു പമ്പ് ഉപയൊഗിച്ച് തീ പൂർണ്ണമായും കെടുത്തിയ ശേഷം വാഹനത്തിൻ്റെ ബാറ്ററി ബന്ധവും വിഛേദിച്ചു.
     
ഒരു മണിക്കൂറിനുള്ളിൽ തൊട്ടടുത്ത സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായ സംഭവത്തിൽ സംശയം തോന്നിയ ജില്ലാ ഫയർ ഓഫീസർ ബി എം പ്രതാപചന്ദ്രൻ്റെ നിർദ്ദേശത്തെ തുടർന്ന് രാവിലെ 8 മണിക്ക് തന്നെ ഫയർഫോഴ്സ് സംഘം ഇരു സ്ഥലങ്ങളിലും ഫയർ ഇൻവെസ്റ്റിഗേഷൻ നടത്തി. രണ്ട് തീപിടുത്തങ്ങളും സാഹചര്യത്തെളിവുകളുടേയും തീപിടുത്ത രീതിയുടെയും അടിസ്ഥാനത്തിൽ അരോ തീ വച്ചതാണെന്നാണ് ഫയർ ഇൻവെസ്റ്റിഗേഷനിൽ വ്യക്തമായത്.

തുടർന്ന് സ്ക്കൂളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ വന്ന് ബസ്സിന് തീയിടുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!