ന്യൂഡല്‍ഹി: പുതിയ അക്കൗണ്ട് ഉടമകളെ ചേര്‍ക്കുന്നതില്‍ നിന്ന് പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്രയെ തടഞ്ഞ് റിസര്‍വ് ബാങ്ക്. ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് എന്നി ചാനലുകള്‍ വഴി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നാണ് ബാങ്കിനെ ആര്‍ബിഐ വിലക്കിയത്. ബാങ്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കരുതെന്നും ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.
1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35എ പ്രകാരമാണ് ആര്‍ബിഐ നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് നല്‍കി വരുന്ന സേവനം തുടരാം. നിലവിലെ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും തുടര്‍ന്നും ബാങ്കിങ് സേവനം നല്‍കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
2022 ലും 2023 ലും കേന്ദ്ര ബാങ്കിന്റെ ഐടി പരിശോധനകള്‍ക്കിടെ ഉയര്‍ന്ന ആശങ്കകളെ തുടര്‍ന്നാണ് ആര്‍ബിഐ കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ നടപടി സ്വീകരിച്ചത്. ഐടി ഇന്‍വെന്ററി മാനേജ്മെന്റ്, യൂസര്‍ ആക്സസ് മാനേജ്മെന്റ്, ഡാറ്റ സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഐടി അപകടസാധ്യതകള്‍ തടയുന്നതില്‍ പോരായ്മകള്‍ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ആര്‍ബിഐ വ്യക്തമാക്കി.