മലപ്പുറം : ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമി സേവാഭാരതിയുടെ അനുബന്ധ സംഘടനയ്ക്ക് കൈമാറി മലപ്പുറത്തെ വയോധിക ദമ്പതികൾ. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം വില്ലേജിൽ കണ്ണി പറമ്പിൽ നായടി, ഭാര്യ ഉമ്മളത്ത് ശാരദ എന്നിവരാണ് തങ്ങളുടെ പേരിലുള്ള പുരയിടം കൈമാറിയത്. സേവാഭാരതിയുടെ അനുബന്ധ സംഘടനയായ ശ്രീ അന്നപൂർണ്ണേശ്വരി ചാരിററബിൾ ട്രസ്റ്റിന് ആണ് ഈ ദമ്പതികൾ തങ്ങളുടെ ഭൂമി കൈമാറിയത്.
തേഞ്ഞിപ്പാലം വില്ലേജിലുള്ള 40 സെന്റ് സ്ഥലമാണ് ഈ വയോധിക ദമ്പതികൾ മാനവ സേവയ്ക്കായി ദാനം ചെയ്തത്. നിലവിലെ ഈ പ്രദേശത്തെ ഭൂമി വില അനുസരിച്ച് ഒന്നരക്കോടി രൂപ വില വരുന്നതാണ് ഈ ഭൂമി.
സ്ഥലത്തിന്റെ രേഖകൾ ആർഎസ്എസ് സഹപ്രാന്ത പ്രചാരക് എ. വിനോദിന് ദമ്പതികളുടെ വീട്ടിൽ ചേർന്ന ചെറു യോഗത്തിൽ വെച്ച് കൈമാറി. ചടങ്ങിൽ മലപ്പുറം വിഭാഗ് സംഘചാലക് ശ്രീ കെ. ചാരു, ട്രസ്റ്റ് ചെയർമാൻ എ.ബാലകൃഷ്ണൻ മാസ്റ്റർ, സെക്രട്ടറി കേശവൻ പാപ്പനൂർ എന്നിവരും കൂടാതെ മറ്റു സംഘ , ട്രസ്റ്റ് , സേവാഭാരതി പ്രവർത്തകരും പങ്കെടുത്തു.