ബൈക്കുകൾ കൂട്ടിയിടിച്ചു; നടൻ ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു, വേദന പങ്കിട്ട് താരം

കോട്ടയം : മണർകാട് ബൈപ്പാസിൽ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31) ആണ് മരിച്ചത്. നടൻ ടൊവിനോ തോമസിന്റെ പാചകക്കാരനാണ് മരിച്ച വിഷ്ണു.

അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്കുണ്ട്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിൽ സഞ്ചരിച്ച പേരൂർ സ്വദേശികളായ മാത്യൂസ് റെജി, ജസ്റ്റിൻ മാത്യു എന്നിവർക്കാണ് പരിക്ക്. ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ.

ഇന്നലെ പുലർച്ചെ ഒന്നരയോടെ പട്ടിത്താനം- മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂർ- കെഎൻബി ഒഡിറ്റോറിയത്തിനു സമീപത്താണ് അപകടം. പേരൂരിലെ ബന്ധു വീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.

വിഷ്ണുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാരലൽ കോളജ് അധ്യാപികനായിരുന്ന പരേതനായ ശിവാനന്ദൻ- രാജി ദമ്പതികളുടെ മകനാണ് വിഷ്ണു. ഭാര്യ: ആതിര. സഹോദരങ്ങൾ: ശ്രീജ, ജ്യോതി. സംസ്കാരം ഇന്ന് നാലിനു വെച്ചൂരിലെ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!