മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ അയോഗ്യതാ തര്‍ക്കത്തില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറേയ്ക്ക് തിരിച്ചടി. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും 16 എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന ആവശ്യം സ്പീക്കര്‍ രാഹുല്‍ നര്‍വേക്കർ തള്ളി. ശിവസേനയിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്കും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ക്കുമെതിരായ ഹര്‍ജികളിലാണ് സ്പീക്കര്‍ തീര്‍പ്പു കല്‍പ്പിച്ചത്.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേനയില്‍ നിന്ന് പുറത്താക്കാന്‍ ഉദ്ധവ് താക്കറെയ്ക്ക് അധികാരമില്ലെന്നാണ് സ്പീക്കര്‍ വിലയിരുത്തിയത്. ഷിന്‍ഡെ പക്ഷമാണ് യഥാര്‍ത്ഥ ശിവസേന. ശിവസേനയുടെ നേതാവായി ഏക്നാഥ് ഷിൻഡെയെ അംഗീകരിക്കുന്നതായും സ്പീക്കർ വ്യക്തമാക്കി.
ശിവസേനയിലെ ഇരുവിഭാഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പാര്‍ട്ടി ഭരണഘടനയില്‍ ഏകരൂപമുണ്ടായിരുന്നില്ല. രണ്ടുവിഭാഗവും വ്യത്യസ്ത കാഴ്ചപ്പാടാണ് അറിയിച്ചിരുന്നത്. വിമത വിഭാഗം ഉണ്ടാകുമ്പോള്‍ നിയമസഭയിലെ ഭൂരിപക്ഷം മാത്രമാണ് പരിഗണിക്കുന്നത്. വിപ്പു നല്‍കാന്‍ ആര്‍ക്കാണ് അധികാരമെന്ന് പരിശോധിച്ചുവെന്നും സ്പീക്കര്‍ പറഞ്ഞു.
2022 ജൂണില്‍ ശിവസേനയെ പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 40 എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലെത്തിയിരുന്നു. തുടര്‍ന്ന് ബിജെപി ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. പാര്‍ട്ടി പിളര്‍ത്തി കൂറുമാറിയ ഷിന്‍ഡെ ഉള്‍പ്പെടെ 40 എംഎല്‍എമാരെയും അയോഗ്യരാക്കണമെന്നാണ് ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെട്ടിരുന്നത്.
മൂന്ന് മാസത്തോളം നീണ്ട എംഎല്‍എമാരുടെ വാദംകേള്‍ക്കലിന് ശേഷമാണ് വിധി. നടപടികള്‍ വൈകുന്നതില്‍ നേരത്തെ സ്പീക്കറെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അയോഗ്യതാ ഹര്‍ജികളില്‍ 2023 ഡിസംബര്‍ 15 നകം തീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പിന്നീട് അന്തിമതീര്‍പ്പ് കല്‍പ്പിക്കാനുള്ള സമയപരിധി ജനുവരി 10 വരെ നീട്ടി നല്‍കുകയായിരുന്നു.
അതിനിടെ വിധി പറയുന്നതിന് തലേദിവസം സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ കണ്ടത് വിവാദമായിട്ടുണ്ട്. വിധി പറയുന്നതിന് മുമ്പ് ജഡ്ജി പ്രതിയെ കാണുന്നതിന് തുല്യമാണിതെന്നായിരുന്നു ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടത്. വിധി പ്രസ്താവിക്കാനിരിക്കെ സ്പീക്കര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് തെറ്റായ നടപടിയാണെന്ന് കാണിച്ച് ഉദ്ധവ് പക്ഷം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഉദ്ധവ് താക്കറേയ്ക്ക് തിരിച്ചടി: ഷിന്‍ഡെ വിഭാഗം യഥാര്‍ത്ഥ ശിവസേനയെന്ന് സ്പീക്കര്‍, അയോഗ്യതയില്ല
