സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ആശമാര്‍; നാല് ഗേറ്റും വളയും, സമരം പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് ആരോപണം..

തിരുവനന്തപുരം: സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ആശാ പ്രവര്‍ത്തകര്‍. രാവിലെ 9.30 ന് സെക്രട്ടേറിയേറ്റ് 4 ഗേറ്റും ആശമാര്‍ ഉപരോധിക്കും. വിവിധ സന്നദ്ധ സംഘടനകളും ഉപരോധ സമരത്തിന്റെ ഭാഗമായേക്കും.

വേതന വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്ന് ഉപരോധ ദിവസം നടക്കാനിരിക്കെ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഏകദിന പരിശീലന പരിപാടിയും സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍, പാലിയേറ്റീവ് കെയര്‍ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനമാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ കോട്ടയം ,തൃശൂര്‍ ജില്ലകളിലാണ് പരിശീലനം. പങ്കെടുക്കുന്നവരുടെ ഹാജര്‍ നില മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് വൈകിട്ടു തന്നെ ജില്ല ഓഫീസ് മുഖേന വകുപ്പിന് കൈമാറണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം, സമരം പൊളിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആശമാരുടെ ആരോപണം. എന്‍എച്ച്എം ഭരണകക്ഷിയുടെ ചട്ടുകമാകരുതെന്നും പാലിയേറ്റീവ് പരിശീലന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!