എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്‍ഡി സ്റ്റാംപ്; കണ്ണൂരിൽ വൻ ലഹരി വേട്ട: വീടു വളഞ്ഞ് 2 യുവാക്കളെ പിടികൂടി, നാട്ടുകാരുടെ തല്ലും

കണ്ണൂർ : നാറാത്ത് ടിസി ഗേറ്റിൽ വൻ ലഹരി വേട്ട. 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും അരകിലോ ഹൈബ്രിഡ് കഞ്ചാവും എൽഎസ്ഡി സ്റ്റാംപുമാണ് വീടുവളഞ്ഞ് എക്സൈസ് പിടികൂടിയത്. പറശിനി റോഡിലെ മുഹമ്മദ് സിജാഫ്, നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ കുറേക്കാലമായി പ്രതികൾ വാടക വീടെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി പ്രദേശവാസികൾക്ക് സംശയമുണ്ടായിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു.

കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി ഷാബുവിൻ്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച വൈകിട്ട് വീടുവളഞ്ഞ് പ്രതികളെ പിടികൂടിയത്. കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനായി ശേഖരിച്ചു വെച്ചതായിരുന്നു ലഹരി മരുന്നുകൾ.

ഇരുനില വീടു കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പന. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് എൽഎസ്ഡി സ്റ്റാംപും ഹ്രൈബ്രിഡ് കഞ്ചാവും കണ്ടെത്തിയത്. ഇതിന് ലക്ഷങ്ങൾ വില വരുമെന്ന് എക്സൈസ് അറിയിച്ചു. പ്രതികളെ പിടികൂടിയതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ തടിച്ചു കൂടി. എക്സൈസ് ഇവരെ വാഹനത്തിൽ കയറ്റുമ്പോൾ നാട്ടുകാരിൽ ചിലർ പ്രതികളെ കൈയേറ്റം ചെയ്തു. ഇതിനിടെയാണ് പ്രതികളെ എക്സൈസ് വാഹനത്തിൽ പൊടിക്കുണ്ടിലുള്ള ഓഫീസിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.

എക്സൈസ് റെയ്ഡിനെത്തുമ്പോൾ വീടിൻ്റെ ഒന്നാം നിലയിലായിരുന്നു യുവാക്കൾ വാടകയ്ക്കെടുത്ത ആഡംബര വീടാണ് ഇതെന്നാണ് സൂചന. രാപ്പകൽ ഭേദമില്ലാതെ ഇവിടെ യുവാക്കളും കുട്ടികളും വന്നു പോകാറുണ്ടായിരുന്നു. ഇതിൽ സംശയം തോന്നി നാട്ടുകാർ താക്കീത് നൽകിയെങ്കിലും യുവാക്കൾ ഗൗനിച്ചിരുന്നില്ല. മയക്കുമരുന്ന് വിൽപ്പന തുടർന്നതിനെ തുടർന്നാണ് എക്സൈസിനെ വിവരമറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!