തൊടുപുഴ: ഇടുക്കി ജില്ലയിൽ നിന്നു പുതിയൊരു സസ്യയിനത്തെ കണ്ടെത്തി. ഇക്സോറ ഗാഡ്ഗിലിയാന എന്നു നാമകരണം ചെയ്ത സസ്യമാണ് കണ്ടെത്തിയത്. മനോഹരമായ വെളുത്ത പൂക്കളോടു കൂടിയ ഇടത്തരം വൃക്ഷമാണിത്. സമുദ്ര നിരപ്പിൽ നിന്നു 1200 മീറ്റർ ഉയരത്തിൽ പുൽമേടുകൾക്കിടയിൽ കാണപ്പെടുന്ന ഒറ്റപ്പെട്ട ചോലവനങ്ങളാണ് ഇവയുടെ ആവാസ വ്യവസ്ഥ. പത്തനംതിട്ട തുരുത്തിക്കാട് ബിഎഎ കോളജ് സസ്യശാസ്ത്ര അധ്യാപകരായ ഡോ. അനൂപ് പി ബാലൻ, എജെ റോബി എന്നിവരടങ്ങിയ ഗവേഷക സംഘമാണ് ഉറുമ്പിക്കര മലകളിൽ നിന്നു പുതിയ സസ്യത്തെ കണ്ടെത്തിയത്.
കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യത ഏറെയുള്ള അതീവ പരിസ്ഥിതി ലോല മേഖലയിലാണ് ഉറുമ്പിക്കര മലകൾ സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണത്തിനായി പ്രൊഫ. മാധവ് ഗാഡ്ഗിൽ നൽകിയ സംഭാവനകളെ ആദരിച്ചാണ് പുതിയ ചെടിക്കു അദ്ദേഹത്തിന്റെ പേര് നൽകിയതെന്നു ഗവേഷകർ അറിയിച്ചു. പുതിയ കണ്ടെത്തൽ സംബന്ധിച്ച പഠനം ഫ്രാൻസിൽ നിന്നുള്ള രാജ്യാന്തര ജേണലായ ആഡാൻസോണിയ പ്രസിദ്ധീകരിച്ചു.