ഉജ്ജ്വല വിജയത്തിന് എന്റെ ഫ്രണ്ടിന് അഭിനന്ദനം;  ട്രംപിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി…

ന്യൂഡൽഹി : ലോകം ഉറ്റുനോക്കിയ പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാത്തേക്ക് തിരിച്ചെത്തിയ ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് ഇക്കാര്യം തന്റെ എക്‌സ് ഹാന്‍ഡിലിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഉജ്ജ്വല വിജയത്തില്‍ തന്റെ സുഹൃത്ത് ട്രംപിനെ അഭിനന്ദനം അറിയിച്ചെന്നും ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാക്കാനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി എക്‌സില്‍ കുറിച്ചു. സാങ്കേതികവിദ്യ, പ്രതിരോധം, ഊര്‍ജം, സ്‌പേസ് മുതലായ രംഗങ്ങളില്‍ ഇരുരാജ്യങ്ങളുടേയും സഹകരണം ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ട്രംപ് വിജയമുറപ്പിച്ചുടന്‍ മോദി എക്‌സില്‍ കുറിച്ചിരുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും നരേന്ദ്ര മോദി കുറിച്ചു. ‘ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ… മുന്‍ കാലയളവിലെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം’- നരേന്ദ്ര മോദി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!