നൂറു വര്‍ഷം മുമ്പ് എവറസ്റ്റ് കൊടുമുടിയില്‍ കാണാതായ പര്‍വതാരോഹകന്റെ കാല്‍പാദം കണ്ടെത്തി…

നൂറു വര്‍ഷം മുമ്പ് എവസ്റ്റ് കൊടുമുടിയില്‍ കാണാതായ ബ്രിട്ടീഷ് പര്‍വതാരോഹകന്‍ ആന്‍ഡ്രു കോമിന്‍ ഇര്‍വിന്റെ കാല്‍പാദം കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ജോര്‍ജിന്റെ മൃതദേഹം 1999-ല്‍ കണ്ടെത്തിയിരുന്നു. ടെന്‍സിംഗും എഡ്മണ്ട് ഹിലാരിയും എവസ്റ്റ് കീഴടക്കുന്നതിന് 29 വര്‍ഷം മുമ്പ് ഇവര്‍ എവസ്റ്റ് കീഴടക്കിയെന്ന അഭ്യൂഹമുണ്ടായിരുന്നു.

1924 ജൂണിലാണ് ഇരുപത്തിരണ്ടുകാരനായ ആന്‍ഡ്രു കോമിന്‍ ഇര്‍വിനും നാല്‍പത്തേഴുകാരനായ പര്‍വതാരോഹകന്‍ ജോര്‍ജ് മലോറിയും കൊടുമുടി കീഴടക്കാനിറങ്ങിയതും ഇരുവരേയും കാണാതായതും. ജോര്‍ജിന്റെ മൃതദേഹം 1999-ല്‍ കണ്ടെത്തിയെങ്കിലും ആന്‍ഡ്രുവിനെ ഇതുവരെ കണ്ടെത്താനായിരുന്നില്ല.

സാഹസികയാത്രികനായ ജിമ്മി ചിന്‍ നയിച്ച നാഷണല്‍ ജ്യോഗ്രാഫിക് ടീമാണ് ഉരുകിയ മഞ്ഞില്‍ ഈ പാദം കണ്ടെത്തിയത്. ബൂട്ടിനുള്ളില്‍ കണ്ടെത്തിയ സോക്സില്‍ എ സി ഇര്‍വിന്‍ എന്ന് രേഖപ്പെടുത്തിയിരുന്നതില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഡി എന്‍ എ സാമ്പിള്‍ പരിശോധന നടക്കുകയാണിപ്പോള്‍.

കാണാതാകുന്ന സമയത്ത് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു ആന്‍ഡ്രു കോമിന്‍ ഇര്‍വിന്‍. ഇര്‍വിന്റെ കൈവശം ഒരു ക്യാമറയും അതില്‍ ഡവലപ് ചെയ്യാത്ത ഫിലിമും ഉണ്ടായിരുന്നതിനാല്‍ മൃതദേഹം കണ്ടുകിട്ടിയാല്‍ ഇരുവരും എവറസ്റ്റ് കീഴടക്കിയെന്നതിന്റെ തെളിവ് കിട്ടുമെന്ന് പലരും വിശ്വസിച്ചിരുന്നു. 1953-ല്‍ ടെന്‍സിംഗ് നോര്‍ഗെയും എഡ്മണ്ട് ഹിലാരിയും എവസ്റ്റ് കീഴടക്കുന്നതിന് 29 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അവരുടെ യാത്ര.

1933-ല്‍ ഒരു പര്‍വതാരോഹകസംഘം ഇര്‍വിന്‍ ഉപയോഗിച്ചിരുന്ന ചില വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. നാഷണല്‍ ജ്യോഗ്രഫിക് സംഘത്തിന്റെ സഞ്ചാരമധ്യേ 1933 -ല്‍ നിര്‍മ്മിച്ച ഒരു ഓക്സിജന്‍ സിലിണ്ടര്‍ കണ്ടെത്തിയതോടെയാണ് ആ ഭാഗത്ത് ഇര്‍വിന്റെ മൃതദേഹം ഉണ്ടാകാനിടയുണ്ടെന്ന് അവര്‍ ഉറപ്പിച്ചത്. നിരവധി ദിവസങ്ങള്‍ അന്വേഷണത്തിനൊടുവിലാണ് ഉരുകിയ മഞ്ഞില്‍ നിന്നും ഇര്‍വിന്റെ കാല്‍പാദം കണ്ടെത്തിയത്. ‘അസാധാരണവും സങ്കടകരവുമായ നിമിഷ’മെന്നാണ് വാര്‍ത്തയറിഞ്ഞ ഇര്‍വിന്‍ കുടുംബത്തിലെ പിന്മുറക്കാരിയായ ജൂലി സമ്മേഴ്സിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!