‘പ്രസംഗം കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിന് വന്നു’; സമരാഗ്നി വേദിയില്‍ നീരസം പ്രകടിപ്പിച്ച് സുധാകരന്‍,തിരുത്തി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരാഗ്നി സമാപന വേദിയില്‍ പ്രവര്‍ത്തകരോട് നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രവര്‍ത്തകര്‍ നേരത്തെ പിരിഞ്ഞ് പോയതിലാണ് സുധാകരന്‍ അമര്‍ഷം പ്രകടിപ്പിച്ചത്.

ലക്ഷക്കണക്കിന് രൂപ മുടക്കി സമ്മേളനം സംഘടിപ്പിക്കുന്നതാണെന്നും മുഴുവന്‍ സമയവും പ്രസംഗം കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിന് വന്നു എന്നും സദസിനോടായി കെ സുധാകരന്‍ ചോദിച്ചു. രണ്ട് പേര്‍ സംസാരിച്ച് കഴിഞ്ഞ് ആളുകള്‍ പോവുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

എന്നാല്‍ ശേഷം പ്രസംഗിച്ച വി ഡി സതീശന്‍ സുധാകരനെ തിരുത്തി. പ്രവര്‍ത്തകള്‍ കൊടും ചൂടില്‍ ഉച്ചയ്ക്ക് 3 മണിക്ക് വന്നതാണെന്നും അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ഇരുന്നുവെന്നും സതീശന്‍ പറഞ്ഞു. 12 പേര്‍ പ്രസംഗിച്ചു കഴിഞ്ഞു അതിനാല്‍ പ്രവര്‍ത്തകര്‍ പോയതില്‍ പ്രസിഡന്റ് വിഷമിക്കേണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മന്‍ചാണ്ടി നഗറിലായിരുന്നു സമാപന സമ്മേളനം. തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. എഐസിസി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയായിരുന്നു.

ഫെബ്രുവരി ഒന്‍പതിന് കാസര്‍കോട് നിന്നാണ് കോണ്‍ഗ്രസിന്റെ സമരാഗ്നിക്ക് തുടക്കം കുറിച്ചത്. ലോക്‌സഭ തെരഞ്ഞെടുക്കുന്നതിന് മുന്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ കൂടിയായിരുന്നു യാത്ര.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!