എന്‍ പ്രശാന്ത് ഐഎഎസ് രാജിക്ക് ?; ആകാംക്ഷ വര്‍ധിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആകാംക്ഷ വര്‍ധിപ്പിക്കുന്നു. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്നാണ് പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. ഐഎഎസ് പോരിനെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട് സസ്‌പെന്‍ഷനിലായ പ്രശാന്ത് സിവില്‍ സര്‍വീസില്‍ നിന്നും രാജി സമര്‍പ്പിച്ചേക്കുമോയെന്ന അഭ്യൂഹം പടരുകയാണ്.

സിവില്‍ സര്‍വീസിലെ ഏറ്റവും അടുപ്പക്കാരായ ആളുകള്‍ വിളിച്ചിട്ടും പ്രശാന്ത് ഫോണടെുക്കുകയോ, പ്രതികരണത്തിന് തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നാണ് സൂചന. ഏപ്രില്‍ ഒന്നായ ഇന്ന് അദ്ദേഹം ഏപ്രില്‍ ഫൂളാക്കുക എന്ന ലക്ഷ്യത്തോടെ ഇട്ട പോസ്റ്റാണോ എന്നും വാദമുഖങ്ങള്‍ ഉയരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഉദ്യോഗസ്ഥനാണ് പ്രശാന്ത്. അതിനാല്‍ തന്നെ പുതിയ പോസ്റ്റിലും ചര്‍ച്ചകള്‍ നിരവധിയാണ്.

ഐഎഎസ് പോരില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് എന്നിവരുമായി എന്‍ പ്രശാന്ത് അടുത്ത കുറച്ചുകാലമായി ഏറ്റുമുട്ടലിലാണ്. അച്ചടക്ക നടപടിക്ക് ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയക്കുക കൂടി പ്രശാന്ത് ചെയ്തിരുന്നു.

അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ അധിക്ഷേപകരമായ തരത്തില്‍ രൂക്ഷവിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുകയും ചെയ്തിരുന്നു. ആറുമാസമായി പ്രശാന്ത് സസ്‌പെന്‍ഷനിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!