കലാഭവൻ മണി സ്മാരകം പ്രഖ്യാപനത്തിൽ ഒതുങ്ങുന്നതിൽ പ്രതിഷേധവുമായി മണിയുടെ കുടുംബം

തൃശൂ‍ർ: നടനും ഗായകനുമായ അന്തരിച്ച കലാഭവൻ മണിയുടെ സ്മാരകത്തിനായി മൂന്ന് ബജറ്റുകളിലായി 3 കോടി രൂപ വകയിരുത്തിയിട്ടും സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങുന്നതിൽ പ്രതിഷേധിച്ച് മണിയുടെ കുടുംബം. ഇടതുപക്ഷ സർക്കാരിൽ നിന്നും ഇത്തരത്തിലൊരു അവഗണന പ്രതീക്ഷിച്ചില്ലെന്ന് സഹോദരൻ രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

നിരന്തരമായി പ്രതിഷേധിക്കുന്ന കുടുംബം എന്ന ചീത്തപേര് ഇനിയുണ്ടാക്കാൻ ആഗ്രഹമില്ല. സ്മാരകത്തിനായി പ്രതിഷേധ സമരം വീണ്ടും നടത്തും. ചലചിത്ര മേളകളിലും കലാഭവൻ മണിയെയും മണിയുടെ സിനിമകളെയും അവഗണിക്കുന്നുണ്ട്.

അദ്ദേഹം മരിച്ചിട്ട് വരുന്ന മാ‍ർച്ച് മാസം എട്ട് വ‍ർഷമാവുകയാണ്. എന്നിട്ടും സ‍‍ർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത് നടപ്പിലാക്കാത്തതിൽ ആശങ്കയുണ്ടെന്നും രാമകൃഷ്ണൻ പ്രതികരിച്ചു.

2017-ലെ ബജറ്റിൽ മണിയുടെ സ്മാരകത്തിനായി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പിന്നീട് ഇത് വിപുലീകരിച്ച് മൂന്ന് കോടിയോടുപ്പിച്ച് മന്ത്രി സജി ചെറിയാൻ സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കെ ബജറ്റിൽ വകയിരുത്തി. അതിന് ശേഷം അദ്ദേഹം ചാലക്കുടി സന്ദർശിക്കാനെത്തിയപ്പോഴാണ് കലാഭവൻ മണിയുടെ ഒരു പ്രതിമയുള്ള സ്മാരകം എന്നതിൽ ഒതുക്കാതെ ഫോക്ക്‌ലോറുമായി ബന്ധപ്പെട്ട് പഠിക്കുന്നവർക്ക്, ഭാവി കലാകാരന്മാ‍ർക്ക് വേണ്ടി കൂടിയുള്ള സ്മാരകമാണ് വിഭാവനം ചെയ്തത്. അതിൽ സന്തോഷവുമുണ്ടായിരുന്നു. എന്നാൽ സ‍ർക്കാർ തന്നെ പ്രഖ്യാപിച്ച ഒന്നായിട്ടും അത് യാഥാർത്ഥ്യമാവാതിരിക്കുകയാണ്.

ഇതിനെതിരെ പ്രതിഷേധമൊക്കെ നടത്തിയിരുന്നു. അത് ശ്രദ്ധനേടിയതിനെ തുട‍ർന്ന് ഫോക്ക‍്‍ലോ‍ർ അക്കാദമി തന്നെ ഡിസംബറിൽ തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ചു എന്നാൽ അക്കാദമിയുടെ ഇടപെടലുകളൊന്നും നല്ല രീതിയിൽ പോകുന്നില്ല. കേരളത്തിന്റെ ഒരു പൊതു സ്വത്താണ് കലാഭവൻ മണി, ചേട്ടൻ പോയപ്പോഴുണ്ടായിരുന്ന എല്ലാവരുടെയും വികാരം നമ്മൾ കണ്ടാതാണ്. ആ വികാരം ഞങ്ങൾ വിശ്വസിക്കുന്ന ഈ പാ‍ർട്ടിയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ, രാമകൃഷ്ണൻ കൂട്ടിച്ചേ‍ർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!