കണ്ണൂർ: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്‌സലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കേസ് നടത്താൻ കെഎസ്‌ഐഡിസി 25 ലക്ഷം രൂപ മുടക്കിയാണ് വക്കീലിനെ വെച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
വീണ വിജയനും സിഎംആർഎല്ലും തമ്മിലുളള ഇടപാടിൽ കെഎസ്‌ഐഡിസി എന്താണ് മറച്ചുവെയ്ക്കുന്നത്. പിണറായിയുടെയോ മകളുടെയോ സ്ഥാപനമല്ല കെഎസ്‌ഐഡിസിയെന്നും ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൊതുമേഖലാ സംരംഭമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവന് ശമ്പളം കൊടുക്കാൻ കാശില്ല, പെൻഷൻ കൊടുക്കാനും കാശില്ല. എന്നാൽ അവരുടെ നികുതി പണം കൊണ്ട് നടത്തുന്ന സ്ഥാപനം മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്ക് കൂട്ടുനിൽക്കുകയാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
വീണയ്ക്ക് മാസപ്പടി നൽകിയെന്ന് വെളിപ്പെടുത്തിയ സിഎംആർഎൽ കമ്പനിയും കെഎസ്‌ഐഡിസിയുമായുളള ബന്ധവും ഇടപാടുമാണ് കോടതി ചോദിച്ചത്. ഇതിന് മറുപടി നൽകാനാണ് 25 ലക്ഷം രൂപ മുടക്കി അഭിഭാഷകനെ നിയോഗിച്ചത്. മുഖ്യമന്ത്രിയും മകളും നടത്തിയത് വഴിവിട്ട ഇടപാടാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കെഎസ്‌ഐഡിസി ഇപ്പോൾ കാണിക്കുന്ന വെപ്രാളം മുഖ്യമന്ത്രിയെയും മകളെയും രക്ഷിക്കാനാണ്. അത് കണ്ടാലറിയാം. ഒരു കോടി 72 ലക്ഷം രൂപയുടെ ഇടപാടിനെക്കുറിച്ച് മാത്രമല്ല റിപ്പോർട്ടിൽ പറയുന്നത്. വ്യവസായം നടത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്ന രാഷ്ട്രീയക്കാർക്കും പോലീസുകാർക്കും മാദ്ധ്യമങ്ങൾക്കും 96 കോടി രൂപ മാസപ്പടി കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേസ് നിസ്സാരമല്ല, അന്വേഷണം പൂർത്തിയാകുമ്പോൾ കേരളത്തിലെ ഇടത് വലത് നേതാക്കളുടെ ഇതുവരെ കാണാത്ത മുഖം പുറത്തുവരും. മാസപ്പടി വാങ്ങിയ മാദ്ധ്യമപ്രവർത്തകർ ഒരു ദിവസം വാർത്ത കൊടുക്കുകയും പിറ്റേന്ന് മുക്കുകയുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം പാർട്ടി സംസ്ഥാന നേതൃത്വം എന്തിന് മൂടിവെയ്ക്കാൻ ശ്രമിക്കുന്നുവെന്നും കെ സുരേന്ദ്രൻ ചോദിച്ചു. പാർട്ടി നേതാക്കൾ മാത്രമല്ല ബന്ധുക്കളും നടത്തുന്ന ഇടപാടുകളും ഓഡിറ്റിന് വിധേയമാക്കണമെന്ന് പാലക്കാട് പ്ലീനം തീരുമാനിച്ചിരുന്നു. എന്നാൽ കോടിയേരിയുടെയും ഇപിയുടെയും മക്കൾക്ക് പ്രശ്‌നം വന്നാൽ ഒരു നീതി പിണറായിയുടെ മകൾക്ക് വേറൊരു നീതി എന്ന നിലയാണ് സിപിഎമ്മിൽ ഇപ്പോൾ. മുഖ്യമന്ത്രിയുടെ മക്കൾ നടത്തുന്ന ഇടപാടുകൾ പാർട്ടി പരിശോധനയ്ക്ക് വിധേയമാക്കണ്ടേയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. പിണറായിയുടെ അടിമക്കണ്ണായി പാർട്ടി സെക്രട്ടറി മാറിയിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.