മികച്ച ചിത്രവും നടനുമുൾപ്പടെ 13 നോമിനേഷനുമായി ‘ഓപ്പൻഹെയ്മർ’: ഓസ്കർ നോമിനേഷൻ പ്രഖ്യാപിച്ചു, ഇന്ത്യൻ സാന്നിധ്യവും


96ാമത് ഓസ്കർ പുരസ്കാരത്തിനുള്ള നോമിനേഷൻസ് പ്രഖ്യാപിച്ചു. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹെയ്മറാണ് മുന്നിൽ. എമ്മ സ്റ്റോൺ നായികയായി എത്തിയ ഫാന്റസി ചിത്രം പുവർ തിങ്ങ്സ് 11 നോമിനേഷനും നേടി.

നിരൂപക ശ്രദ്ധനേടിയ കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ 10 നോമിനേഷനിലും ഇടംപിടിച്ചു. സൂപ്പർഹിറ്റായ ബാർബിക്ക് എട്ട് നോമിനേഷനുകളാണുള്ളത്. ഡോക്യുമെന്ററിയിൽ ഇന്ത്യൻ സാന്നിധ്യവുമുണ്ട്.

അമേരിക്കന്‍ ഫിക്ഷന്‍, അനാട്ടമി ഓഫ് എ ഫാള്‍, ബാര്‍ബി, ദി ഹോള്‍ഡ് ഓവര്‍, കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍, മെയ്‌സ്‌ട്രോ, ഓപ്പന്‍ഹെയ്മര്‍, പാസ്റ്റ് ലൈവ്‌സ്, പുവര്‍ തിങ്‌സ്, ദി സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കായി മത്സരിക്കുന്നത്.

ബ്രാഡ്‌ലി കൂപ്പര്‍(മേയ്‌സ്‌ട്രോ), കോള്‍മാന്‍ ഡൊമിന്‍ഗോ (റസ്റ്റിന്‍), പോള്‍ ഗിയാമട്ടി (ദി ഹോള്‍ഡ്ഓവര്‍സ്), സിലിയന്‍ മര്‍ഫി( ഓപ്പണ്‍ഹെയ്മര്‍, ജെഫ്രി റൈറ്റ്( അമേരിക്കന്‍ ഫിക്ഷന്‍) എന്നിവരാണ് മികച്ച നടന്മാര്‍ക്കായുള്ള നോമിനേഷനില്‍ ഇടംനേടിയത്. അന്നറ്റെ ബെനിങ്(നയാഡ്), ലിലി ഗ്ലാഡ്‌സ്‌റ്റോണ്‍(കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍), സാന്‍ഡ്ര ഹല്ലര്‍(അനാട്ടമി ഓഫ് എ ഫാള്‍), കാരി മുള്ളിഗന്‍( മേയ്‌സ്‌ട്രോ), എമ്മ സ്‌റ്റോണ്‍ (പൂര്‍ തിങ്‌സ്) എന്നിവരാണ് മികച്ച നടിമാരുടെ പട്ടികയിലുള്ളത്.

കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണിലെ പ്രകടനത്തിന് റോബര്‍ട്ട് ഡി നീറോയും ഓപ്പന്‍ഹെയ്മറിലെ പ്രകടനത്തിന് റോബര്‍ട്ട് ഡൗണി ജൂനിയറും മികച്ച സഹനടനുള്ള നോമിനേഷനിലുണ്ട്. കൂടാതെ ബാര്‍ബിയിലെ പ്രകടനത്തിന് റയാന്‍ ഗോസ്ലിങ്ങും ഇടം കണ്ടെത്തി.

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ ഡോക്യുമെന്ററി ടു കില്‍ എ ടൈഗര്‍ ഇടം നേടി. ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയൊരുക്കിയ ഡോക്യുമെന്ററിയാണ് ടു കില്‍ എ ടൈഗര്‍. നിഷ പഹുജയാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. 96-ാമത് അക്കാദമി അവാർഡുകൾ മാർച്ച് 10 ന് ലോസ് ഏഞ്ചൽസിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!