ബംഗലൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്തുകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തരുണ്‍ രാജു എന്നയാളാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്. ബംഗളൂരുവിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയുടെ ഉടമയാണ് ഇയാളെന്നാണ് സൂചന. അന്വേഷണത്തെ ബാധിക്കും എന്നതിനാല്‍ പിടിയിലായ ആളുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാനാകില്ലെന്നാണ് ഡിആര്‍ഐ അധികൃതര്‍ വ്യക്തമാക്കുന്നത്. രന്യ റാവുവാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരയെന്ന് ഡിആര്‍ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
ബംഗലൂരുവിലെ സ്വാധീനമുള്ള വ്യക്തികളുമായുള്ള രന്യ റാവുവിന്റെ ബന്ധങ്ങള്‍ കണ്ടെത്താനായി നടിയുടെ കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡുകള്‍ ഡിആര്‍ഐ വിശദമായി പരിശോധിച്ചു വരികയാണ്. ദുബായിയുമായി ബന്ധപ്പെട്ടുള്ള ഹവാല നെറ്റ് വര്‍ക്കുകളും രന്യ റാവു സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചിരുന്നു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കള്ളക്കടത്ത് ശ്രമത്തിലൂടെ രന്യ 4.83 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി. പ്രോട്ടോക്കോളുകള്‍ ദുരുപയോഗം ചെയ്ത് കുറ്റകൃത്യം നടപ്പാക്കാന്‍ സിന്‍ഡിക്കേറ്റ് തന്നെയുണ്ടെന്നും ഡിആര്‍ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രന്യ റാവുവിന്റെ രണ്ടാനച്ഛനും കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ കെ രാമചന്ദ്രറാവുവിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. കര്‍ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. സ്വര്‍ണക്കടത്തിനായി ഡിജിപിയുടെ പ്രൊട്ടോക്കോള്‍ സൗകര്യങ്ങള്‍ വിനിയോഗിച്ചിരുന്നു എന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യമിടുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളത്. അന്വേഷണത്തിന് ആവശ്യമായ എല്ലാ രേഖകളും സഹായവും നല്‍കുന്നതിന് പൊലീസ് ഡയറക്ടര്‍ ജനറല്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍, പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാമചന്ദ്ര റാവു നിലവില്‍ കര്‍ണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്.
നടി രന്യ റാവുവിന്റെ സ്വര്‍ണക്കടത്ത്: ഒരാള്‍ കൂടി അറസ്റ്റില്‍; ഡിജിപിക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
