കൊല്ലം: പാര്‍ട്ടി ജനങ്ങളില്‍നിന്ന് അകന്നു പോയെന്ന് സിപിഎമ്മിന്റെ സംഘടനാ രേഖ. ജനങ്ങളില്‍നിന്ന് അകന്നതാണ് പാര്‍ട്ടിയുടെ പ്രധാന ദൗര്‍ബല്യമെന്ന് തിരിച്ചറിയണമെന്ന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനങ്ങളെ മനസ്സിലാക്കാനും പാര്‍ട്ടി അടിത്തറ വിപുലപ്പെടുത്താനും വേണ്ടി ഒരു പാര്‍ട്ടി അംഗം സ്വന്തം ബ്രാഞ്ച് അതിര്‍ത്തിയിലെ പത്തു വീടുകളുടെ ചുമതല ഏറ്റെടുത്തു പ്രവര്‍ത്തിക്കണമെന്ന് നേരത്തേ നിര്‍ദേശിച്ചിരുന്നു. ആവശ്യത്തിനു പാര്‍ട്ടി അംഗങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് അനുഭാവി ഗ്രൂപ്പ് അംഗങ്ങളെയും വര്‍ഗ ബഹുജന സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഉപയോഗിക്കാമെന്നും വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും അംഗങ്ങള്‍ ആവശ്യത്തിന് ഇല്ലാത്തത പക്ഷം കടുത്ത എതിരാളികളുടെ വീടുകള്‍ ഒഴിവാക്കി കഴിയുന്നത്ര വീടുകളുമായി ദൈനംദിന ബന്ധം സ്ഥാപിക്കുകയായിരുന്നു പാര്‍ട്ടി ഉദ്ദേശിച്ചത്. എന്നാല്‍ ഇത്തരമൊരു പ്രവര്‍ത്തനം ഫലപ്രദമായി നടത്താന്‍ കഴിഞ്ഞില്ല- സംഘടനാ രേഖയില്‍ പറയുന്നു.
ജനങ്ങളുമായി ഇടപെടുന്നതില്‍ വന്നിട്ടുള്ള പോരായ്മയാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു വിലയിരുത്തലിലെ വോട്ടും ലഭിക്കുന്ന വോട്ടും തമ്മില്‍ അന്തരമുണ്ടാവുന്നതിനു കാരണം. ഇത്തരമൊരു ഇടപെടലുണ്ടെങ്കില്‍ ജനങ്ങളുടെ അതൃപ്തി മനസ്സിലാക്കാനും തിരുത്തി മുന്നോട്ടു പോവാനും കഴിയും- റിപ്പോര്‍ട്ടില്‍ പറയുന്നു.
അനുഭാവികളും പാര്‍ട്ടിയും തമ്മിലുള്ള അകലം വര്‍ധിക്കുന്നത് പ്രധാന പ്രശ്‌നമാണെന്നു തിരിച്ചറിയണം. മുന്‍പ് പാര്‍ട്ടി അനുഭാവികളെക്കൂടി ഉള്‍പ്പെടുത്തി ജനറല്‍ ബോഡി യോഗങ്ങള്‍ വിളിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോടും എറണാകുളത്തും നിന്നുള്ള ചില നേതാക്കളിലും അംഗങ്ങളിലും സമ്പത്തുണ്ടാക്കാനുള്ള പ്രവണത കാണുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ഇതിനെതിരെ ജാഗ്രത വേണം. പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലാ കമ്മിറ്റികള്‍ വേണ്ടത്ര ഏകോപനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം നടക്കുന്ന തൃശൂരില്‍ സംഘടനാ പ്രവര്‍ത്തനം ദുര്‍ബലമായിട്ടുണ്ട്. ഇഡിയെ പേടിച്ച് നേതാക്കളും അംഗങ്ങളും സംഘടനാ പ്രവര്‍ത്തനത്തിന് മടികാണിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.