ചാംപ്യൻസ് ട്രോഫി രണ്ടാം സെമി ഇന്ന്; ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ നേരിടും…

ലാഹോർ : ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയിൽ ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഇന്ന്‌ ഏറ്റുമുട്ടും. ഉച്ചകഴിഞ്ഞ് 2.30 മുതൽ ലാഹോറിലാണ് മത്സരം. ഇന്നത്തെ മത്സരത്തിലെ ജേതാക്കളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. മത്സരം സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18 ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.

ഗ്രൂപ്പ്‌ ബിയിൽ ഒന്നാംസ്ഥാനക്കാരായാണ്‌ ദക്ഷിണാഫ്രിക്ക സെമിഫൈനലിൽ കടന്നത്‌. ഗ്രൂപ്പ്‌ എയിലെ രണ്ടാംസ്ഥാനക്കാരാണ് ന്യൂസിലൻഡ്. ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളിൽ സ്ഥിരമായി കളി മറക്കുന്നവർ എന്ന ചീത്തപ്പേര് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെംബ ബാവുമയും സംഘവും ഇറങ്ങുന്നത്.

കരുത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്‌. ബൗളിങ്ങിൽ നേരിയ മുൻതൂക്കം ദക്ഷിണാഫ്രിക്കയ്‌ക്കുണ്ട്‌. വിയാൻ മുൾദർ, കഗീസോ റബാദ, ലുൻഗി എൻഗിഡി, മാർകോ ജാൻസൺ എന്നിവരുൾപ്പെട്ട ബൗളിങ്‌നിരയാണ്‌ ദക്ഷിണാഫ്രിക്കയ്‌ക്ക്‌. ക്യാപ്‌റ്റൻ ടെംബ ബവുമ നയിക്കുന്ന ബാറ്റിങ്‌ നിരയും മികച്ച ഫോമിലാണ്.

ഓൾ റൗണ്ടർ മിച്ചെൽ സാന്റ്‌നെറാണ്‌ ന്യൂസിലൻഡ് ക്യാപ്‌റ്റൻ. അവസാനമത്സരത്തിൽ ഇന്ത്യയോട്‌ തോൽവി വഴങ്ങിയെങ്കിലും ടൂർണമെന്റിൽ മികച്ച ഫോമിലാണ് കിവീസ് ടീം. പേസർമാരായ മാറ്റ്‌ ഹെൻറിയും വിൽ ഒറൂർക്കുമാണ്‌ ബൗളിങ് നിരയെ നയിക്കുന്നത്‌. ബാറ്റിങ്‌ നിരയിൽ കെയ്‌ൻ വില്യംസ്ൺ ഫോമിലേക്ക് തിരിച്ചെത്തിയത് കിവീസിന് ആത്മവിശ്വാസം വർധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!