ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന സംരംഭങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയിടുന്നതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
‘സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ, ശാക്തീകരണമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ അവരുടെ ശാക്തീകരണത്തിന് ഉതകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തെരഞ്ഞെടുപ്പില്‍ വലിയ വിഭാഗം സ്ത്രീ വോട്ടര്‍മാര്‍ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. സ്ത്രീ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധന സഹായം, ദരിദ്രവിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കുന്ന പദ്ധതികള്‍ എന്നിവ ആവിഷ്‌കരിക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞു. വനിതാ ദിനത്തില്‍ മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നിരവധി പദ്ധതികളും പാര്‍ട്ടി ആസൂത്രണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മഹിളാ സമൃദ്ധി യോജന പ്രകാരം പ്രതിമാസം 2,500 രൂപ നല്‍കുന്ന പദ്ധതിക്ക് എട്ടിന് തുടക്കമാകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഈ പദ്ധതി.