കോഴിയുമായി വന്ന ലോറി മറിഞ്ഞത് കോട്ടയത്തുകാർക്ക് കോളായി…മഴ പോലും കാര്യമാക്കാതെ കൈയിലും ചാക്കിലുമാക്കി കോഴികളെ…

കോട്ടയം  : നാഗമ്പടത്ത് കോഴിയുമായി വന്ന ലോറി മറിഞ്ഞു. ഞായറാഴ്ച രാവിലെയാണ് കോഴി ലോറി മറിഞ്ഞത്. സംഭവത്തെ തുടർന്ന് കോളടിച്ചത് നാട്ടുകാർക്കും വഴിയേ പോയവർക്കുമാണ്. ചെറിയ മഴയുള്ള സമയത്താണ് നാഗമ്പടം എച്ച് എച്ച് മൌണ്ടിൽ അപകടമുണ്ടായത്. മൂവാറ്റുപുഴയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോറിയിൽ നിന്ന് താഴെ വീണ ചത്ത കോഴികളെ റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്നു.

മഴയാണെന്നത് വകവയ്ക്കാതെ പിന്നാലെ നാട്ടുകാർ ഇവിടെ എത്തി ലോറിയിൽ നിന്ന് വീണു ചത്ത കോഴികളെ കൊണ്ടു പോവുകയായിരുന്നു. ബൈക്ക്, സ്കൂട്ടർ, ഓട്ടോ, കാറ്, ജീപ്പ് ഒക്കെയായി എത്തിയായിരുന്നു കോഴികളെ കൊണ്ട് പോയത്. കാറിന്റെ ഡിക്കിയിലേക്ക് ചാക്കിൽ കോഴികളെ നിറയ്ക്കുന്നതടക്കമുള്ള ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പെട്ടന്ന് സംഭവം അറിഞ്ഞെത്തിയവർ പിന്നെ കവറും ചാക്കുമൊന്നും സംഘടിപ്പിക്കാനും നിന്നില്ല.

കയ്യിലൊതുങ്ങുന്നതുമായി കാൽ നടയായി പോയവരും ആർത്തു പെയ്യുന്ന മഴയിൽ കോഴികളെ ചാക്കിൽ കെട്ടി തലയിൽ വച്ചും പോവുന്ന കോട്ടയത്തുകാരുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്. എന്തായാലും ചത്ത കോഴികൾ ചീഞ്ഞ് അഴുകിയുണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങളും നഗരസഭക്കാർക്ക് വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം നാട്ടുകാർ ഭംഗിയായി പരിഹരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!