തിരുവനന്തപുരം : ചലച്ചിത്രമേളയുടെ തിരക്കുകള്‍ക്കിടെ പഴയനായകനെ തേടിയെത്തി ഒരു കൂട്ടം നായികമാര്‍. മധുവിന്റെ തിരുവനന്തപുരം കണ്ണന്‍മൂലയിലെ വീട്ടിലെത്തിയാണ് പഴയകാല നായികമാര്‍ ഓര്‍മകളും അനുഭവങ്ങളും പങ്കുവച്ചത്. കെആര്‍ വിജയ, റോജ രമണി, ഉഷാ കുമാരി, രാജശ്രീ, ഹേമ ചൗധരി, റീന, ഭവാനി എന്നിവരാണ് നടന്റെ വീട്ടിലെത്തിയത്.
നവതി പിന്നിട്ട മലയാളത്തിന്റെ ഇതിഹാസ നടനുമൊത്ത് അവര്‍ പഴയകാലത്തെ ഓര്‍മകളും അനുഭവങ്ങളും പങ്കുവച്ചു. വര്‍ത്തമാനങ്ങളും ചിരികളുമായി ഒരുപാട് സമയം നായകന് ചുറ്റും ഒത്തുകൂടി. ഒപ്പം അഭിനയിച്ച നടിമാര്‍ക്കിടയില്‍ പഴയ ഓര്‍മ്മകളും മധുവും പങ്കിട്ടു. കണ്ടു, ഏറെ നേരം വിശേഷം പറഞ്ഞു. ചോദ്യങ്ങള്‍ക്കെല്ലാം മധു തനത് ശൈലയിയില്‍ മറുപടിയും നല്‍കി.
ആദരവിന്റെ പൊന്നാടയും സ്‌നേഹത്തിന്റെ പൂക്കളും നല്‍കി നായികമാര്‍ മധുവിനെ ആദരിച്ചു. തന്നെ കാണാനായി ഇവരെല്ലാം വന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മധു മാധ്യമങ്ങളോട് പ്രതികരിച്ചു. മധു സാറിനൊപ്പമാണ് ആദ്യ സിനിമ ചെയ്തതെന്നും അതിന് ശേഷം ഒരുപാട് സിനിമകള്‍ അദ്ദേഹത്തോടൊപ്പം ചെയ്യാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും നടി കെ ആര്‍ വിജയ പറഞ്ഞു.